സ്‌കൂള്‍സമയത്തെ ഓട്ടം - ടിപ്പറുകള്‍ക്കെതിരെ നടപടി
യാത്രാ നിരോധനം നിലവിലുള്ള സമയത്ത് ടിപ്പറുകള്‍ അനധികൃത സര്‍വ്വീസ് നടത്തുന്നതിനെതിരെ അരീക്കോട്, മഞ്ചേരി, കൊണ്ടോട്ടി പരിസരങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി. വാലില്ലാപ്പുഴയില്‍ ടിപ്പറിടിച്ച് എട്ട് വയസ്സുകാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ രാവിലെ ഒമ്പതിനും പത്തിനുമിടക്കും വൈകീട്ട് നാലിനും അഞ്ചിനുമിടക്കും സര്‍വ്വീസ് നടത്തിയ 33 ടിപ്പര്‍ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 42000 രൂപ പിഴ ഈടാക്കി. മൊബൈലില്‍ സംസാരിച്ചു കൊണ്ട് ടിപ്പര്‍ ഓടിച്ചു വന്ന ഡ്രൈവര്‍ക്കെതിരെ ലൈസന്‍സ് സസ്‌പെന്‍ഷന്‍ നടപടിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍ അറിയിച്ചു. സ്‌കൂള്‍ സമയത്ത് ടിപ്പറുകള്‍ സര്‍വ്വീസ് നടത്തുന്നില്ല എന്ന് ഉടമകള്‍ ഉറപ്പാക്കണമെന്നും ആര്‍.ടി.ഒ ആവശ്യപ്പെട്ടു.
- Log in to post comments