തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്
** മികച്ച ജനപ്രതിനിധിക്കുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
വി.കെ. മധുവിന്
സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഗ്രാമ സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. ഏറ്റവും മികച്ച ജനപ്രതിനിധിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തെരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
2017-2018 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ പദ്ധതിത്തുക ചെലവഴിച്ചതിനും നൂതന ജനകീയ പദ്ധതികള്‍ നടപ്പാക്കിയതിനുമാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. അയ്യായിരത്തോളം നിരാലംബര്‍ക്ക് പൊതിച്ചോറ് വീട്ടിലെത്തിച്ചു നല്‍കുന്ന പാഥേയം പദ്ധതി, മണ്ണ് - ജലസംരക്ഷണത്തിനുള്ള ജലശ്രീ, സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു കരാട്ടെ പരിശീലനം നല്‍കുന്നതും ഗിന്നസ് ലോക റെക്കോഡ് നേടിയതുമായ രക്ഷ, വിദ്യാര്‍ഥികള്‍ക്കു യോഗ പരിശീലനം നല്‍കുന്ന ദിശ, മാനസിക വൈകല്യം ബാധിച്ച കുട്ടികള്‍ക്കുള്ള ആയൂര്‍വേദ ചികിത്സയായ സ്‌നേഹധാര, ആശുപത്രികളില്‍ അത്യാധുനിക സെക്കന്‍ഡറി പാലിയേറ്റിവ് വാര്‍ഡ്, കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കുന്ന സ്‌നേഹം മെഡിക്കല്‍സ്, ഫാമുകളില്‍നിന്നുള്ള ശുദ്ധമായ പാല്‍ ജനങ്ങളിലെത്തിക്കുന്ന ഗ്രീന്‍ മില്‍ക്ക്, ജില്ലയില്‍ മുട്ട, കോഴിയിറച്ചി എന്നിവ സ്വയംപര്യാപ്തമാക്കാനുള്ള ഹാച്ചറി യൂണിറ്റുകള്‍ തുടങ്ങി മാതൃകാപരമായ പദ്ധതികളുടെ നടത്തിപ്പിനാണ് ഗ്രാമ സ്വരാജ് പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ തേടിയെത്തിയത്.
ഫെബ്രുവരി 19ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീന്‍ദയാല്‍ ഉപാധ്യായ ദേശീയ പുരസ്‌കാരത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ നോമിനേറ്റ് ചെയ്തിരുന്നു.
(പി.ആര്‍.പി. 227/2019)
- Log in to post comments