Skip to main content

സംസ്ഥാന ക്ഷീരകർഷക പാർലമെന്റ് ഈ മാസം 22 നും 23 നും ആലപ്പുഴയിൽ: സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

സംസ്ഥാന ക്ഷീരകർഷക പാർലമെന്റ് ഈ മാസം 22 നും 23 നും ആലപ്പുഴ വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മന്ത്രി കെ. രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22 ന് രാവിലെ ഒൻപതിന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ മന്ത്രി ജി സുധാകരൻ പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും.  ക്ഷീരകർഷക പാർലമെന്റ് 23 ന് രാവിലെ 9.30 ന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 162 ബ്ലോക്കുകളിൽ നിന്നും തെരഞ്ഞെടുത്ത ക്ഷീരകർഷകർ പങ്കെടുക്കും. ക്ഷീരകർഷകർക്കായി സംഘടിപ്പിക്കുന്ന ഡെയറി എക്‌സിബിഷന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. ക്ഷീരകർഷകരുടെ മക്കൾക്ക് തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ പരിചയപ്പെടുത്തുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാം കൊടിക്കുന്നിൽ സുരേഷ് എം. പി. ഉദ്ഘാടനം ചെയ്യും. മൃഗചികിത്സ മേഖലയിൽ പാരമ്പര്യമായുള്ള നാട്ടറിവുകൾ പങ്കുവെയ്ക്കുന്നതിന് മുഖാമുഖം പരിപാടി സംഘടിപ്പിക്കും. പരിപാടിയോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്  നടക്കും. പൊതു വൈദ്യ പരിശോധനയ്ക്ക് പുറമെ ക്യാൻസർ, കണ്ണ്, ദന്തരോഗ, അക്യുപങ്ചർ, ആയൂർവേദ ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയും ഉണ്ടായിരിക്കും. 

ആഗോള വാണിജ്യ കരാറുകളിലൂടെ രാജ്യത്തെ ക്ഷീര കർഷക മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രതിഫലനങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഓപ്പൺഫോറം ജലസേചന  മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 23 ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മികച്ച ആനന്ദ് മാതൃകാ ക്ഷീരസംഘത്തിന് നൽകുന്ന ഒരു ലക്ഷം രൂപയും ഫലകവുമടങ്ങിയ ഡോ. വർഗ്ഗീസ് കുര്യൻ അവാർഡ് മുഖ്യമന്ത്രി വിതരണം ചെയ്യും. ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണം ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് നിർവഹിക്കും. 

തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലകളിലെ ക്ഷീരകർഷകർക്ക് ജനറൽ, വനിതാ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നൽകുന്ന 50,000 രൂപ വീതമുള്ള ക്യാഷ് അവാർഡ് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വിതരണം ചെയ്യും. ക്ഷീരസംഘങ്ങൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ധനസഹായം കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ വിതരണം ചെയ്യും. എം. പിമാർ. എം. എൽ എ മാർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 634/19

 

date