ജില്ലയിലെ പതിനൊന്നാമത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം 22 ന് തില്ലങ്കേരിയില്‍
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയില്‍ പൂര്‍ത്തിയായി. 11 ആശുപത്രികളെയാണ് ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്തിരുന്നത്. പതിനൊന്നാമത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം തില്ലങ്കേരിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഫെബ്രുവരി 22ന് വൈകീട്ട് 6.30 ന് നടക്കുന്ന ചടങ്ങില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ അധ്യക്ഷത വഹിക്കും.
2.24 കോടി രൂപയാണ് പദ്ധതിക്കായി ജില്ലയില്‍ എന്‍ എച്ച് എം വഴി നല്‍കിയത്. കൂടാതെ പഞ്ചായത്തുകളുടെ ഫണ്ടും വ്യക്തികളില്‍ നിന്നുള്ള ധനസഹായവും ഉപയോഗിച്ചാണ് ആശുപത്രികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
സംസ്ഥാനത്ത് 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട 500 സി എച്ച് സികളില്‍ 50 എണ്ണം കണ്ണൂരിലാണ്. 15 ലക്ഷം രൂപ വീതമാണ് ഓരോ ആശുപത്രിക്കും മാറ്റിവെച്ചിരിക്കുന്നത്. കെ ഇ എല്ലിനാണ് നിര്‍മ്മാണ ചുമതല. ആശുപത്രികള്‍ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം, ലാബ് സൗകര്യം, മികച്ച ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതോടൊപ്പം മനോഹരമായ പൂന്തോട്ടം, കവാടം കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയും ഒരുക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെയും പഞ്ചായത്തിന്റെയും വിഹിതമായ 35 ലക്ഷം രൂപയും വ്യക്തികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ലഭിച്ച 15 ലക്ഷം രൂപയും ഉപയോഗിച്ചാണ് തില്ലങ്കേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ നിന്നും വളരെ അകലെയായി സ്ഥിതി ചെയ്യുന്ന പഞ്ചായത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ആശുപത്രികളോ ഇല്ലാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഏറെ പിന്നോക്കം നില്ക്കുന്ന പഞ്ചായത്തില്‍ ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്.
മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍ തുടങ്ങിയ നഗരങ്ങളിലെ ആശുപത്രികളെയായിരുന്നു ഇവിടുത്തെ ജനങ്ങള്‍ ഇതുവരെ ആശ്രയിച്ചിരുന്നത്. കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ രാവിലെ ഒന്‍പത് മണി മുതല്‍ ആറ് മണിവരെ പരിശോധനയും മൂന്ന് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. കൂടാതെ പുതിയ ലാബ്, ഓഫീസ് കെട്ടിടം, വെയിറ്റിംഗ് ഏരിയ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ആശുപത്രിയില്‍ കവാടം, കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, പൂന്തോട്ടം എന്നിവ ഒരുക്കുന്നതിനും ടെലിവിഷന്‍, ഫ്രിഡ്ജ്, ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനും സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമാണ് സഹായം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ് പറഞ്ഞു.
- Log in to post comments