സ്കൂള്‍ യൂണിഫോം പദ്ധതി; കരകയറി കൈത്തറിരംഗം
'ഇപ്പോള്‍ സ്ഥിരമായി പണിയുണ്ട്...തരക്കേടില്ലാത്ത വരുമാനവുമുണ്ട.' ഇത് പറയുമ്പോള്‍ കൈത്തറിതൊഴിലാളികളായ വസന്തയുടെയും ബാലകൃഷണന്റെയും മുഖത്ത് തെളിഞ്ഞത് സന്തോഷവും ആശ്വാസവുമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളില്‍ കൈത്തറി വസ്ത്രങ്ങളുടെ യൂണിഫോം പദ്ധതി ഏര്‍പ്പെടുത്തിയതാണ് വസന്തയെയും ബാലകൃഷ്ണനെയും പോലുള്ള നൂറുകണക്കിന് കൈത്തറി തൊഴിലാളികളുടെ ജീവിതത്തില്‍ പ്രകാശം കൊണ്ടുവന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയിലെ സ്റ്റാളിലാണ് പയിമ്പ്ര സ്വദേശിനിയായ വസന്തയും വെസ്റ്റ്ഹില്‍ സ്വദേശിയായ ബാലകൃഷണനും കൈത്തറി വസ്ത്രം നിര്‍മ്മിക്കുന്നത്. വെസ്റ്റ്ഹില്‍ താജ് നെയ്ത്ത് സഹകരണ സംഘത്തിലെ തൊഴിലാളികളാണ് ഇരുവരും. ഒന്നു മുതല്‍ ഏഴു വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം പദ്ധതി സര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെ ഈ രംഗത്ത് മികച്ച മുന്നേറ്റമാണുണ്ടായത്. പദ്ധതി വരുന്നതിന് മുമ്പ് ഒരു പാവ് കഴിഞ്ഞാല്‍ പിന്നെ ഒരാഴ്ചയിലധികം തൊഴിലാളികള്‍ വീട്ടിലിരിക്കുന്ന അവസ്ഥയായിരുന്നു. എന്നാല്‍ സ്കൂള്‍ പദ്ധതി തുടങ്ങിയതോടെ നൂറുകണക്കിന് പേര്‍ക്കാണ് ജോലി സ്ഥിരത ഉറപ്പാക്കിയത്. ഇതോടെ ഉദ്പ്പാദനവും തൊഴില്‍ദിനങ്ങളും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
ജില്ലയില്‍ 17 വിദ്യാഭ്യാസ ഉപജില്ലകളിലെ 183 സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് യൂണിഫോം തുണി വിതരണം നടത്തുന്നത്. പരമ്പരാഗത കൈത്തറി മേഖലയെ ഉയര്‍ത്തികൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് പദ്ധതികൊണ്ടുണ്ടായ പ്രധാന നേട്ടം. ജില്ലയില്‍ പ്രാഥമിക സംഘങ്ങള്‍, ഫാക്ടറി മാതൃകാ സംഘങ്ങള്‍ എന്നിവയുള്‍പ്പെടെ 30 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
- Log in to post comments