Skip to main content

കാര്‍ഷിക മേഖലയില്‍ സമഗ്രമായ അഴിച്ചുപണി സര്‍ക്കാര്‍ ലക്ഷ്യം - മന്ത്രി വി.എസ്. സുനില്‍ കുമാര്‍

 

കാര്‍ഷിക മേഖലയില്‍ സമഗ്രമായ അഴിച്ചു പണിയും മാറ്റവുമാണ് ആയിരം ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍. പ്രളയാനന്തരം മേല്‍മണ്ണിന്റെ ജൈവ സ്വഭാവത്തിന് വന്ന മാറ്റത്തെ കുറിച്ച് വ്യക്തമായി മനസിലാക്കി അതിനനുസൃതമായ ശാസ്ത്രീയ മുറകള്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവരിക എന്നതാണ് പ്രളയാനന്തര കാര്‍ഷിക പുനരുദ്ധാരണത്തിന്റെ മുഖ്യ അജണ്ട. അതോടൊപ്പം വ്യാപകമായി കൊണ്ടിരിക്കുന്ന അശാസ്ത്രീയ കീടനാശിനി പ്രയോഗം നിയന്ത്രിക്കുന്നതില്‍ വലിയ മാറ്റം വരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി കാര്‍ഷിക മൊത്ത വിപണ കേന്ദ്രത്തില്‍ ആരംഭിച്ച കര്‍ഷക പരിശീലന കേന്ദ്രം - പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്‍ - വിള ആരോഗ്യ പരിപാലന ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കീടനാശിനി പ്രയോഗം 1250 മെട്രിക് ടണ്ണില്‍ നിന്നും 600 മെട്രിക് ടണ്ണില്‍ താഴെയായിട്ടുണ്ടെന്നാണ് ഈ വര്‍ഷത്തെ അവലോകനത്തില്‍ കാണാന്‍ സാധിക്കുന്നത്. രാസകീടനാശിനികളുടെ പ്രയോഗം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 ശതമാനം കുറഞ്ഞു. ജൈവ കീടനാശിനി പ്രയോഗം 16 ശതമാനം കൂടിയിട്ടുണ്ട്. എന്നാല്‍ കളനാശിനികളുടെ പ്രയോഗം വര്‍ധിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഏകദേശം 179 ടണ്‍ കളനാശിനി കേരളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. തിരുവല്ലയിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ചില കളനാശിനികള്‍ പൂര്‍ണ്ണമായി നിരോധിക്കുകയും ചിലത് നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഇവയുടെ നിയന്ത്രണം പ്രാബല്യത്തില്‍ വരുമ്പോള്‍ അതിനനുസൃതമായ മറ്റ് രീതികള്‍ കര്‍ഷകരിലേക്ക് എത്തിക്കണമെങ്കില്‍ അതിന് സമാന്തരമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണ് വിള ആരോഗ്യ പരിപാലന ക്ലിനിക്കുകളും പാര സൈറ്റ് ബ്രീഡിങ് സ്റ്റേഷനുകളും ആരംഭിക്കുന്നത്. 
എല്ലാ ജില്ലകളിലും പാരസൈറ്റ് ബ്രീഡിങ്  സ്റ്റേഷനുകള്‍ തുടങ്ങാനാണ് കൃഷിവകുപ്പ് ആലോചിക്കുന്നത്. വിള പരിപാലന ക്ലിനിക്കുകളും  ഇക്കോ ഷോപ്പുകളും കൃഷി ഓഫീസുകളിലും വ്യാപിപ്പിക്കും. എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക കര്‍മ്മ സേനയും ബ്ലോക്കുകളില്‍ അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവയും ആരംഭിക്കും. ഇതിന്റെ ചെയര്‍മാന്‍ എം.എല്‍.എമാര്‍ ആയിരിക്കും. ഇതിന്റെ കീഴില്‍വരുന്ന എല്ലാ പഞ്ചായത്തുകളിലും ഇക്കോ ഷോപ്പുകള്‍, കാര്‍ഷിക കര്‍മ്മസേന, വിള ആരോഗ്യ പരിപാലന ക്ലിനിക്കുകള്‍ തുടങ്ങിയവ ആരംഭിച്ച് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തെ കൂടി പരിപാലിക്കുന്ന രീതിയില്‍ കേരളത്തിലെ ജൈവ കാര്‍ഷിക ഉല്‍പാദന രംഗം മെച്ചപ്പെടുത്തി കര്‍ഷകര്‍ക്ക്  ലാഭമുണ്ടാക്കാന്‍ തക്കവിധത്തില്‍ കാര്‍ഷികമേഖലയില്‍ സമഗ്രമായ അഴിച്ചുപണി മാറ്റവുമാണ് ആയിരം ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.
ഇതോടൊപ്പം ഗ്രാമീണ ചന്തകളും ബ്ലോക്ക് തലത്തിലുള്ള ഫെഡറേറ്ററി ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തും. വരുന്ന വര്‍ഷം 50 മൂല്യവര്‍ദ്ധിത ഉല്‍പാദകരുടെ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുകള്‍ കേരളത്തില്‍ രൂപീകരിക്കും. കൂടാതെ വരുന്ന വര്‍ഷം നാളികേരരംഗത്ത് ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍തൈകള്‍ നട്ടുപിടിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക യന്ത്ര സേവന ദാതാക്കളുടെ ഡയറക്ടര്‍ പ്രകാശനവും മികച്ച സേവനം കാഴ്ചവെച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാര്‍ഷിക കര്‍മ്മസേന കാര്‍ഷിക യന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനവും, എസ്.എം.എ.എം, എസ്.എച്ച്.എം എന്നീ പദ്ധതി മുഖേനയുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനവും ആത്മ കോഴിക്കോട് സംഘടിപ്പിക്കുന്ന കിസാന്‍ മേളയുടെയും കാര്‍ഷിക പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. 
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. മിനി,  നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ നാരായണന്‍ മാസ്റ്റര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. ശ്രീദേവി, ചെലവൂര്‍ സുുഗന്ധ വിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഇന്‍ചാര്‍ജ് ആന്റ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സന്തോഷ്. ജെ. ഈപ്പന്‍, ആത്മ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. ആശ, ആത്മ കോഴിക്കോട് ഡെപ്യൂട്ടി പ്രൊജക്ട് ഓഫീസര്‍ ഒ. പ്രസന്നന്‍  തുടങ്ങിയവര്‍ സംസാരിച്ചു. 

date