ദക്ഷിണേന്ത്യയിലെ മികച്ച കണ്ണാശുപത്രിയാകാനൊരുങ്ങി ആർ. ഐ. ഒ
*സ്പെഷ്യാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ (ആർ.ഐ.ഒ.) പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം 27ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ മുഖ്യാതിഥിയായിരിക്കും.
കേരളത്തിലെ നേത്രചികിത്സാ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന തിരുവനന്തപുരം കണ്ണാശുപത്രിയുടെ വികസനത്തിന്റെ നാഴികക്കല്ലാണ് സ്പെഷ്യാലിറ്റി ബ്ലോക്കെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സർക്കാർ അധികാരത്തിലേറിയ ശേഷം നടത്തിയ ഇടപെടലുകളിലൂടെയാണ് ഇലക്ട്രിക്കൽ, സ്വീവേജ്, വാട്ടർ സപ്ലൈ, വൈദ്യുതി, ആധുനിക മെഷീനുകൾ, തസ്തികകൾ എന്നിവ സജ്ജമായത്. അധ്യാപകർ, അനധ്യാപകർ ഉൾപ്പെടെ 92 പുതിയ തസ്തികകളാണ് ഈ ബ്ലോക്കിനായി സൃഷ്ടിച്ചത്.
ഏഴുനിലകളിലായാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇ-ഹെൽത്ത്, റഫറൽ ഒ.പി., പ്രധാനപ്പെട്ട സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, ആധുനിക തീയറ്റർ കോംപ്ലക്‌സ്, ലാബ് സമുച്ചയം, ഡേകെയർ വാർഡ് എന്നിവയാണ് ഇവിടെയുള്ളത്. പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ണാശുപത്രികളിൽ ഒന്നായി മാറും.
സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ താഴത്തെ നിലയിൽ ഒ.പി. രജിസ്ട്രേഷൻ, ഫാർമസി എന്നിവയാണ് പ്രവർത്തിക്കുക. ഒന്നാം നിലയിൽ റഫറൽ ഒ.പി. വിഭാഗം അതിനോടനുബന്ധിച്ച കാഴ്ച പരിശോധന മുറികൾ, ഒരു മൈനർ ഓപ്പറേഷൻ തിയേറ്റർ എന്നിവയാണ് ഉള്ളത്. പ്രതിദിനം ഏകദേശം 600 പേരാണ് റഫറൽ ആയി കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. റഫറൽ ഇല്ലാതെ നേരിട്ട് ചികിത്സയ്ക്കായി ഇരുന്നൂറോളം രോഗികളും എത്തുന്നുണ്ട്. റഫറൽ ഇല്ലാത്ത രോഗികൾക്ക് പഴയ കെട്ടിടത്തിലാണ് സൗകര്യമൊരുക്കുന്നത്. ഇതിനോടനുബന്ധിച്ച് ഇ-ഹെൽത്ത് സംവിധാനങ്ങൾ ഒരുക്കി വരുന്നു. മൈനർ ഓപ്പറേഷൻ തീയേറ്ററിൽ കണ്ണ് സംബന്ധിച്ചുള്ള ചെറിയ ചികിത്സ നടപടികളാണ് നടത്തുന്നത്. രണ്ടാമത്തെ നിലയിൽ ഗ്ലോക്കോമ, കോർണിയ, പീഡിയാട്രിക് ഒഫ്താൽമോളജി സ്‌ക്വിന്റ് (കോങ്കണ്ണ്) എന്നീ സ്പെഷ്യലിറ്റി ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
മൂന്നാമത്തെ നിലയിൽ ബയോകെമിസ്ട്രി ലാബ്, മൈക്രോബയോളജി ലാബ്, പത്തോളജി ലാബ് എന്നിവ പ്രവർത്തിക്കും. നാലാമത്തെ നിലയിൽ ഡേ കെയർ വാർഡും അഞ്ചാമത്തെ നിലയിൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സുമുണ്ട്. സെല്ലാറിൽ ഇ-ഹെൽത്ത്, ക്യാന്റീൻ, ഇലട്രിക്കൽ റൂം എന്നിവ പ്രവർത്തിക്കും.
പി.എൻ.എക്സ്. 712/19
- Log in to post comments