Skip to main content

നിറഞ്ഞ സദസ്സില്‍ 'പത്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വ്വന്‍'  ഡോക്യുമെന്ററി

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ സംഘടിപ്പിച്ച ഡോക്യുമെന്ററി ഫെസ്റ്റില്‍ ടി.രാജീവ് നാഥ് സംവിധാനം ചെയ്ത പി.പത്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വ്വന്‍, ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത രാഗം മണി രംഗ്, എം.ജി ശശി സംവിധാനം ചെയ്ത അഴീക്കോട് മാഷ് എന്നിവ പ്രദര്‍ശിപ്പിച്ചു. ടി.കെ രാജീവ് കുമാര്‍ സംവിധാനം നിര്‍വഹിച്ച രാഗം മണി രംഗ് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായ നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതവും കര്‍ണ്ണാടക സംഗീത ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളും പ്രമേയമാക്കി നിര്‍മ്മിച്ചതാണ്. മലയാളത്തിന്റെ സാംസ്‌കാരിക നായകരില്‍ ഏറെ ശ്രദ്ധേയനായ സുകുമാര്‍ അഴീക്കോടിന്റെ സാമൂഹികവും ബൗദ്ധികവും വ്യക്തിപരവുമായ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ ഡോക്യുമെന്ററി. മാഷിന്റെ ജീവിതവുമായി ബന്ധമുള്ള ഒട്ടേറെ പ്രമുഖരുടെ പ്രതികരണങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  മലയാളത്തിന് അതുല്യ സംഭാവനകളായ ഒട്ടേറെ സിനിമകളും ദേശീയവും അന്തര്‍ദേശീയവുമായ നിരവധി ബഹുമതികളും നേടിയ പി.പത്മരാജന്റെ സാഹിത്യ ജീവിതത്തിലേക്കും സിനിമാ ജീവിതത്തിലേക്കുമുള്ള തിരിഞ്ഞു നോട്ടമാണ് പി.പത്മരാജന്‍ ഒരു പുനര്‍വായന എന്ന ഡോക്യുമെന്ററി. 
കെ.മധുപാല്‍ സംവിധാനം ചെയ്ത പ്രൊ.എം.കെ സാനു മനുഷ്യനെ 'സ്നേഹിച്ച ഒരാള്‍ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. തന്റെ നാടും വീടും കുടുംബവും ജീവിതചര്യകളും ഒപ്പം ബാല്യകാലവും ജനിച്ചു വളര്‍ന്ന നാടിന്റെ ഗ്രാമീണതയുമെല്ലാം ഓര്‍ത്തെടുക്കുകയാണ് സാനുമാഷ്. നാട്ടുകാരന്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ശിഷ്യര്‍ തുടങ്ങിയവര്‍ മാഷിനെ വിശേഷിപ്പിക്കുന്നതും ഡോക്യുമെന്ററിയിലൂടെ എടുത്തു കാട്ടുന്നു. സാനു മാഷിന്റെ ബാല്യകാല ജീവിതവും ഈ ഡോക്യുമെന്ററിയിലൂടെ കാഴ്ചക്കാരിലേക്ക് എത്തുന്നുണ്ട്. 

date