Skip to main content

സര്‍ക്കാരിന്റെ 1000 ദിനാഘോഷ പരിപാടികള്‍ക്ക് ഇന്നു (ഫെബ്രുവരി 27) സമാപനം

 

·    സമാപന സമ്മേളനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
·    1000 കലാകാരന്മാര്‍ പങ്കെടുക്കുന്ന സര്‍ഗോത്സവം അരങ്ങേറും

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ് 1000 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികള്‍ക്ക് ഇന്ന് (ഫെബ്രുവരി 27) സമാപനം. പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തെ പുതിയ ദിശയിലേക്കു നയിക്കാനും പുരോഗതിയുടേയും വികസനത്തിന്റെയും പാതവെട്ടിത്തെളിക്കാനും കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് കഴിഞ്ഞ ഒരാഴ്ചയായി വിപുലമായ ജനപങ്കാളിത്തത്തോടെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്നു വൈകിട്ട് 4.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കിടെ നടത്തിയ വികസന ക്ഷേമ പദ്ധതികളുടെ പ്രദര്‍ശനം, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്കും ഇന്നു സമാപനമാകും. ആയിരം ദിനങ്ങളിലെ വികസന മുന്നേറ്റം പ്രതിപാദ്യ വിഷയമാക്കി വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സംസ്ഥാനത്തെ 14 ജില്ലകളിലും നടത്തിയ ഫോട്ടോ പ്രദര്‍ശനം സര്‍ക്കാരിന്റെ ഭരണമികവിന്റെയും വികസന കാഴ്ചപ്പാടിന്റെയും നേര്‍ച്ചിത്രമായി. പതിനായിരക്കണക്കിന് ആളുകളാണ് ഈ പ്രദര്‍ശനം കാണാനെത്തിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ജില്ലകളിലെ വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തി അവതരിപ്പിച്ച പ്രദര്‍ശനങ്ങളും ഏറെ ജനശ്രദ്ധ നേടിയിരുന്നു. വികസന സെമിനാറുകള്‍, നിറപ്പകിട്ടാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.  
ഇന്ന് സമാപന സമ്മേളനത്തിനു മുന്നോടിയായി വൈകിട്ട് 3.30 മുതല്‍ ഗായിക പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന ദ്രാവിഡ ബാന്‍ഡ് എന്ന സംഗീത പരിപാടി അരങ്ങേറും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സഹകരണം - ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ആശംസിക്കും. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സമാപന സമ്മേളന വേദിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. കേരളത്തിലെ ഗ്രാമ - നഗരങ്ങളെ കലയുടെ സജീവ പ്രയോഗകേന്ദ്രങ്ങളാക്കാന്‍ 1000 കലാപ്രതിഭകള്‍ക്ക് രണ്ടു വര്‍ഷത്തെ ഫെലോഷിപ് നല്‍കുന്ന പദ്ധതിയാണിത്.  ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന നവകേരളത്തിനായുള്ള നവോത്ഥാനം എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
മന്ത്രിമാരായ എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.സി. മൊയ്തീന്‍, മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, എം.പിമാരായ എ. സമ്പത്ത്, ഡോ. ശശി തരൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
വൈകിട്ട് ആറു മുതല്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമഭാവന എന്ന സാംസ്‌കാരിക പരിപാടി അരങ്ങേറും. എഴുത്തച്ഛന്‍ മുതല്‍ ഒ.എന്‍.വി. കുറുപ്പ് വരെയുള്ള കാവ്യാചാര്യന്മാരുടെ കാവ്യാക്ഷരങ്ങളെ 30 കേരളീയ കലകളിലൂടെ അവതരിപ്പിക്കുന്ന പരിപാടിക്ക് ഭാരത് ഭവനാണ് സര്‍ഗാത്മക സംഘാടനം നിര്‍വഹിക്കുന്നത്.
(പി.ആര്‍.പി. 299/2019)

 

date