Skip to main content

ഹരിത പാഠങ്ങള്‍ പകര്‍ന്ന് ഹരിത കേരള മിഷന്‍ സ്റ്റാള്‍

മാലിന്യ സംസ്‌കരണത്തിന്റെയും പ്രകൃതിയെ തിരിച്ച് പിടിക്കുന്നതിന്റെയും അറിവ് പകര്‍ന്ന് ഹരിത കേരളമിഷന്‍ പ്രദര്‍ശനം ആകര്‍ഷകമാകുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി തിരൂരില്‍ നടത്തുന്ന 'മികവ്' പ്രദര്‍ശന വിപണനമേളയിലാണ് ഹരിത കേരളം സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്.  മിഷന്‍ മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളാണ്സ്റ്റാളില്‍ പ്രധാനമായും പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.  
ഹരിത കേരള മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ചിത്ര, വീഡിയോ പ്രദര്‍ശനവും, മികച്ച മാലിന്യ സംസ്‌കരണ മാതൃകകള്‍, പരിമിത സ്ഥലത്ത് പോലും സ്ഥാപിക്കാവുന്ന കിച്ചണ്‍ ബിന്നുകള്‍, ബയോ ക്ലീന്‍ ആന്റ് ട്രോ കംബോസ്റ്റര്‍, ഓര്‍ഗാനിക് കംബോസ്റ്റര്‍  എന്നിവയും അവയുടെ പ്രവര്‍ത്തന രീതികളും വിശദീകരിച്ച് നല്‍കുന്നു.കൃഷി, മാലിന്യ സംസ്‌കരണം, ജലവിഭവ സംരക്ഷണം, മൃഗസംരക്ഷണം, ക്ഷീര വികസനം, ഊര്‍ജ സംരക്ഷണം എന്നിവയിലൂന്നിയ ഹരിത ഭവനം മാതൃകകളാണ് സ്റ്റാളിലെ മുഖ്യശ്രദ്ധേയാകര്‍ഷണം.
ജലസംരക്ഷണ മാതൃകകള്‍, വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് അറിയാനും സ്റ്റാള്‍ അവസരം ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണ മാര്‍ഗം സംബന്ധിച്ചും ഹരിത നിയമാവലി സംബന്ധിച്ചുള്ള ലഘു ലേഖകളും സ്റ്റാളില്‍ ലഭിക്കും.

 

date