കെയര്‍ ഹോം പദ്ധതി 29 വീടുകളുടെ താക്കോല്‍ ദാനം നടത്തി
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി പുതിയ വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് സഹകരണ വകുപ്പാക്കുന്ന കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 29 വീടുകളുടെ താക്കോല്‍ കൈമാറ്റം നടത്തി. സംസ്ഥാനസര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തീകരിച്ചതിന്റെ ജില്ലാതല ആഘോഷം നടക്കുന്ന നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്, സി.കെ ആശ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വഹിച്ചു.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള അടിത്തറ പാകുന്ന പ്രവര്‍ത്തനമാണ് കെയര്‍ ഹോം പദ്ധതിയിലൂടെ സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കയര്‍ ഹോം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ച താക്കോല്‍ ദാനത്തിന്റെ തത്സമയ വീഡിയോ ദൃശ്യങ്ങള്‍ ചടങ്ങില്‍ സംപ്രേക്ഷണം ചെയ്തു.
കൊതവറ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുലശേഖരമംഗലം വിജയവിലാസത്തില്‍ പത്മാക്ഷിയമ്മയ്ക്ക് അദ്ദേഹം താക്കോല്‍ കൈമാറി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വൈക്കം താലൂക്കിലെ 21 കോട്ടയത്ത് ആറും ചങ്ങനാശ്ശേരിയില്‍ രണ്ടു വീടുകളുടെയും താക്കോല്‍ ദാനം ചടങ്ങില്‍ നിര്‍വഹിച്ചു. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്കുകള്‍ വഴി ഡിസംബര്‍ 9 നാണ് ജില്ലയില്‍ വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 500 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകളാണ് കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മിക്കുന്നത്
അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിക്കുന്നത്. കോട്ടയം ജില്ലയില്‍ 83 ഗുണഭോക്താക്കള്‍ക്കാണ് കെയര്‍ ഹോം പദ്ധതി പ്രകാരം വീടുകള്‍ ലഭിക്കുന്നത്. ഇതില്‍ വൈക്കം താലൂക്കില്‍ 60 ഉം കോട്ടയം താലൂക്കില്‍ 13 ഉം ചങ്ങനാശ്ശേരി താലൂക്കില്‍ 10 ഉം വീടുകളാണുള്ളത്.
36 ബാങ്കുകള്‍ക്കാണ് നിര്‍മ്മാണച്ചുമതല. സംസ്ഥാനത്തെ 2500ലധികം സഹകരണസംഘങ്ങള്‍ 50,000 മുതല്‍ രണ്ടുലക്ഷം രൂപ വരെ പദ്ധതിയി ലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ സംഭാവനയായി ലഭിച്ചു. സഹകരണ സംഘങ്ങള്‍ മൊത്തം 4.39 കോടി രൂപ സമാഹരിച്ചു.
ചടങ്ങില്‍ അഡ്വ. കെ സുരേഷ് കുറുപ്പ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. ബിനോയ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം മുന്‍സിപ്പല്‍ ചെയര്മാന് പി,ശശിധരന്, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, എഡിഎം സി. അജിത്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പ്രമുഖ സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു സ്വാഗതവും കെയര്‍ഹോം പദ്ധതി നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) വി. പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്-391/19)
- Log in to post comments