സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തു
സാമൂഹ്യനീതി വകുപ്പ് മുഖേന ബി പി എൽ വിഭാഗത്തിലെ പ്രമേഹരോഗികളായ വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന വയോമധുരം പദ്ധതിയുടെ രണ്ടാംഘട്ട വിതരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 600 ഗുണഭോക്താക്കൾക്കാണ് ഗ്ലൂക്കോമീറ്ററും സ്ട്രിപ്‌സും ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ 400 പേർക്ക് സൗജന്യ ഉപകരണം ലഭിച്ചിരുന്നു.
സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വയോജനങ്ങളായ പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്ററും സ്ട്രിപ്‌സും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. പദ്ധതിയിലൂടെ നടപ്പ് സാമ്പത്തിക വർഷം ജില്ലയിൽ 1000 പേർക്ക് സൗജന്യ ഗ്ലൂക്കോമീറ്ററും സ്ട്രിപ്‌സും നൽകും. വയോജനങ്ങൾക്ക് സ്വന്തമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാനും യഥാസമയം ഡോക്ടറുടെ സേവനം തേടാനും ഇതിലൂടെ സാധിക്കും. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡാണ് ആജീവനാന്ത ഗ്യാറണ്ടിയോടുകൂടിയ ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നത്.
കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി പ്രമേഹ രോഗ പ്രതിരോധം, ഗ്ലൂക്കോമീറ്റർ ഉപയോഗ രീതി എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി പി നാരായണൻ, ജൂനിയർ സൂപ്രണ്ട് പി കെ നാസർ, ജില്ലാ വയോജന കമ്മിറ്റി അംഗം കെ പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments