പോഷണക്കുറവ് പരിഹരിക്കാന്‍ സമ്പുഷ്ട കേരളം പദ്ധതിക്ക് തുടക്കമായി അങ്കണവാടികള്‍ ഹൈടെക്കാക്കും: ആരോഗ്യമന്ത്രി
സ്ത്രീകളിലെയും കുട്ടികളിലെയും പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. അങ്കണവാടികളെ ഹൈടെക്കാക്കി മാറ്റി പ്രീ സ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രാഥമിക ഗണിതം, ഭാഷ എന്നിവ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കിണങ്ങുന്ന പുതിയ പാഠ്യ പദ്ധതി തയ്യാറായിക്കഴിഞ്ഞു. ഇതുവഴി അംഗണവാടികളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനാവും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ സമ്പുഷ്ട കേരളം ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, മലപ്പുറം ജില്ലകളിലാണ് നടപ്പിലാക്കുകയെന്ന് മന്ത്രി പറഞ്ഞു. വിളര്‍ച്ച തടയുന്നതിന് നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ ആരംഭിച്ച ദേശീയ പോഷണ്‍ അഭിയാനില്‍, മുലയൂട്ടല്‍ വ്യാപിപ്പിക്കുക, അമിത വണ്ണം തടയുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ സമ്പുഷ്ട കേരളം പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി അങ്കന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി നല്‍കാം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അങ്കണവാടിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിര്‍ത്തലാക്കും. ഇതിനായി ആദ്യഘട്ടത്തില്‍ 8500 ഫോണുകളാണ് നല്‍കുന്നത്. കുട്ടികളുടെ തൂക്കവും ഉയരവും എടുക്കാനുള്ള സ്റ്റെഡിയോ മീറ്ററും നല്‍കും. നിശ്ചിത ഇടവേളകളില്‍ കുട്ടികളുടെ ഭാരം തിട്ടപ്പടുത്തി കേന്ദ്രീകൃത സര്‍വറിലേക്ക് അപ് ലോഡ് ചെയ്താണ് അവരുടെ വളര്‍ച്ചാ പുരോഗതി വിലയിരുത്തുക.
ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതരുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ അമിതവണ്ണം തടയുക എന്ന ലക്ഷ്യം കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറികള്‍, ഇലക്കറികള്‍, പപ്പായ, ചക്ക, വാഴപ്പഴം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണ രീതിയാണ് പദ്ധതിയില്‍ നടപ്പിലാക്കുക.
ആറ് മാസം മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിലവില്‍ ടിഎച്ച്ആര്‍എസ് പൊടിയാണ് അങ്കണവാടികളില്‍ വിതരണം ചെയ്യുന്നത്. ഇതിനു പകരം ഫ്ളേവര്‍ ചേര്‍ത്ത് ഫോര്‍ട്ടിഫിക്കേഷന്‍ നടത്തി ബിസ്‌കറ്റ്, കുക്കീസ് തുടങ്ങിയ രൂപത്തില്‍ മാറ്റം വരുത്തും. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ടിഎച്ച്ആര്‍ രൂപത്തില്‍ മുരിങ്ങയില, പപ്പായ, ചക്ക, വാഴപ്പഴം, അയണ്‍ ഫോളിക് ആസിഡ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് റെഡി ടു ഈറ്റ് ഫുഡ് തയ്യാറാക്കി നല്‍കും.
ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മിഷന്‍ ഡയരക്ടര്‍ ബിജു പ്രഭാകര്‍, വനിതാ ശിശു വികസന വകുപ്പ് ഡയരക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.പി എന്‍ ജ്യോതി, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ സി എ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അംഗണവാടികളില്‍ നടത്തിയ ന്യൂട്രി ഗാര്‍ഡന്‍ മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി നഗരത്തില്‍ ടൂവീലര്‍ റാലിയും സംഘടിപ്പിച്ചു.
- Log in to post comments