അലാമിപ്പള്ളിയില്‍ ഒരുക്കിയ വിവിധ വകുപ്പുകളുടെ പ്രദര്‍ശനമേള സമാപിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കിയ പ്രദര്‍ശന മേള സമാപിച്ചു.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ എണ്‍പതോളം സ്റ്റാളുകളാണ് ഒരുക്കിയിരിന്നത്. കൂടാതെ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് കൗതുക കാഴ്ചയൊരുക്കിയ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ഭീമാകാരനായ ദിനോസറും ,ചായക്കടയും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും മറ്റുമുള്ള വിവരങ്ങളും വിനോദ വിജ്ഞാനപ്രദമായി കോര്‍ത്തിണക്കി പൊതുജനങ്ങളില്‍ കൗതുകം സൃഷ്ടിക്കുന്ന രീതിയിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നത്. ഭക്ഷണ പ്രിയര്‍ക്ക് നൂറുകൂട്ടം ഭക്ഷ്യ വിഭവങ്ങള്‍ അനുഭവിച്ചറിയാന്‍ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും ഒരുക്കിയിരുന്നു. കൂടാതെ കാഞ്ഞങ്ങാടിന്റെ സായാഹ്നങ്ങളെ വര്‍ണാഭമാക്കാന്‍ നിരവധി കലാപരിപാടികളാണ് ആറു ദിനരാത്രങ്ങളായി ആലാമിപള്ളിയില്‍ നടന്നുവന്നത്.ലിറ്റില്‍ തിയേറ്റര്‍ ബേഡകത്തിന്റെ 250 വിദ്യാര്‍ഥികള്‍ പങ്കെടുത്ത സ്വാതന്ത്ര്യത്തിന്റെ പ്രാണനൂല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, കണ്ണൂര്‍ സംഘ കലയുടെ മള്‍ട്ടി വിഷ്വല്‍ വില്‍ കലാമേള, പുള്ളികരിങ്കാളിയമ്മ ദേവസ്ഥാനം മാതൃസമിതി മെഗാ മോഹിനിയാട്ടം കുടുംബശ്രീ ജില്ല മിഷന്റെ നൃത്ത ഗാന സന്ധ്യ ,നാടന്‍ പാട്ടുകള്‍, ഇശല്‍ രാവ്, തുടങ്ങിയ പരിപാടികളുമായി ഉത്സവാന്തരീക്ഷത്തിന്റെ പ്രതീതിയില്‍ ആയിരുന്നു അലാമിപ്പള്ളി.
- Log in to post comments