Skip to main content

ബാലവേലയ്ക്ക് ഒത്താശയുമായി ഇതരസംസ്ഥാന  വ്യാജരേഖ ഏജന്‍സി സജീവം

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കുട്ടികളെ ബാലവേലയില്‍ അകപ്പെടുത്തുന്നതിനായി വ്യാജരേഖ ചമക്കുന്ന ഇതര സംസ്ഥാന ഏജന്‍സികള്‍ ജില്ലയില്‍ സജീവമാണെന്ന് കളക്ടറേറ്റില്‍ എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന ബാലവേല വിരുദ്ധ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം വിലയിരുത്തി. ബാലവേലക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന ജില്ലയിലെ തൊഴിലിടങ്ങളില്‍ നിന്നും ഇതര സംസ്ഥാന കുട്ടികളെ കണ്ടെത്തിയാല്‍ അവരെ തിരിച്ചു കിട്ടുന്നതിനായി പ്രായം തികഞ്ഞതായുള്ള വ്യാജ സ്‌കൂള്‍ രേഖകള്‍ സമര്‍പ്പിക്കുന്ന നിരവധി സംഭവങ്ങളുള്ളതായി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. ശരീര പ്രകൃതി പ്രകാരം കുട്ടികളാണെന്നു മനസ്സിലാക്കാമെങ്കിലും ഏജന്‍സികള്‍ സമര്‍പ്പിക്കാറുള്ള രേഖകളില്‍ പതിനെട്ട് തികഞ്ഞതായി കാണിക്കുന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ സാങ്കേതിക തടസ്സം നേരിടുന്നു. വ്യാജരേഖകള്‍ പ്രകാരമുള്ള നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ അധ്യാപകരെന്ന് അവകാശപ്പെട്ട് കൃത്യമായി ഉത്തരം നല്‍കാറുണ്ടെന്നത് പിന്നിലുള്ള വലിയ വ്യാജരേഖാ മാഫിയയിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നും അവര്‍ അറിയിച്ചു. ജില്ലയില്‍ നിന്നുമുള്ള കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നത് കുറഞ്ഞു വരുന്ന സാഹചര്യമാണെന്നും എന്നിരുന്നാലും സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥികള്‍ തൊഴിലടങ്ങളിലേക്കെത്തുന്നത് കൃത്യമായി നിരീക്ഷിക്കാന്‍ യോഗം തീരുമാനിച്ചു. ബാലവേല നടത്തുന്ന തൊഴിലുടമകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഉത്തരേന്ത്യയിലെ ദുരിതപൂര്‍ണമായ കുടുംബസാഹചര്യത്തെ തൊഴില്‍ നേടി മെച്ചപ്പെടുത്താന്‍ ജില്ലയിലെത്തുന്ന കുട്ടികള്‍ സ്വാഭാവികമായും ബാലവേലയിലേര്‍പ്പെടുന്നുവെന്നും ഇവരെ കണ്ടെത്തി ചില്‍ഡ്രന്‍ ഹോമില്‍ പാര്‍പ്പിച്ച് തുടര്‍ന്ന് ഫലപ്രദമായി പുനരധിവസിപ്പിക്കുന്നതിന് നിരവധി സാങ്കേതികപ്രശ്‌നങ്ങള്‍ തടസ്സമാവുന്നതായും യോഗം വിലയിരുത്തി. എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത നിര്‍വഹിച്ചു. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ വിവിധ ജില്ലാതല വകുപ്പ് ഉദ്യോസ്ഥര്‍ സംബന്ധിച്ചു.
 

date