സംസ്ഥാനസര്‍ക്കാര്‍ 1000 ദിനാഘോഷം അഴിമതി രഹിത പ്രവര്‍ത്തനത്തിലൂടെയുള്ള സമഗ്ര വികസനം സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി ജി. സുധാകരന്
രാഷ്ട്രീയ താല്പര്യമോ അഴിമതിയോ ഇല്ലാതെ വ്യക്തമായ തയ്യാറെടുപ്പുകള്‍ നടത്തി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെകാലം പ്രയോജനം ചെയ്യുമെന്നും ഇത്തരത്തിലുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് പറഞ്ഞു. ഏറ്റുമാനൂരില്‍ പുനരുദ്ധരിച്ച ചെങ്ങന്നൂര്‍ - മൂവാറ്റുപുഴ എം സി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വ്യക്തമായ തയ്യാറെടുപ്പുകളും നിര്‍മ്മാണത്തിലെ സൗന്ദര്യവല്‍ക്കരണവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരുമുണ്ടായിരിക്കണം. കാര്യക്ഷമതയുള്ള കോണ്‍ട്രാക്ടര്‍മാരെ കണ്ടെത്തി സെമിനാറുകളും മറ്റും സംഘടിപ്പിച്ച് അക്കാദമിക്ക് രീതിയില്‍ അവരെ ഉയര്‍ത്തിയെടുക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. റോഡ് നിര്‍മ്മാണത്തില്‍ അധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സൗന്ദര്യവല്ക്കരിയ്ക്കുന്നതിന്റെ ഭാഗമായി പട്ടിത്താനം റൗണ്ടാന ആധുനിക നിലവാരത്തില്‍ മനോഹരമാക്കുമെന്നും മന്ത്രി പറഞ്ഞു. ആറു പാലങ്ങള്‍ ഉള്‍പ്പെടെ 87 കി.മി ദൂരം 293.58 കോടി മുടക്കി ബിഎം ബിസി നിലവാരത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പാലങ്ങളെല്ലാം 7.5 മീറ്റര്‍ ക്യാരിയേജ് വെയും 1.5 മീറ്റര്‍ വീതിയില്‍ ഇരു വശങ്ങളിലും ഫുട്പാത്തോടും കൂടിയാണ് റോഡ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ജംഗ്ഷനുകള്‍ ആധുനിക സിഗ്നല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചടങ്ങില്‍ അഡ്വ.കെ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായി. അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ, എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ഏറ്റുമാനൂര്‍ നഗരസഭ ചെയര്മാന് ജോയി ഊന്നുകല്ലേല്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപിക്കുട്ടന്, സ്ഥിരം സമിതിയംഗങ്ങളായ പി എസ് വിനോദ്, സൂസന് തോമസ്, ടി പി മോഹന്‍ ദാസ്, വിജി ഫ്രാന്‍സിസ്, ആര് ഗണേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.കെഎസ്ടിപി ചീഫ് എന്‍ജിനിയര്‍ ഡാര്ലിന് സി ഡിക്രൂസ് സ്വാഗതവും എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സി രാകേഷ് നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷന്പുനരുദ്ധരിച്ച ചെങ്ങന്നൂര്‍ - മൂവാറ്റുപുഴ എം സി റോഡ് ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്യുന്നു.
(കെ.ഐ.ഒ.പി.ആര് 412/19)
- Log in to post comments