Skip to main content

സേവനം അന്താരാഷ്ട്ര നിലവാരത്തിലാക്കി ഗ്രാമപഞ്ചായത്തുകള്‍ കോട്ടയം ജില്ല  കേരളത്തിന് മാതൃക:  മന്ത്രി എ.സി.മൊയ്തീന്‍

 

      ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളുടെയും സേവനം അന്താരാഷ്ട്ര നിലവാരത്തിലായ കോട്ടയം ജില്ല കേരളത്തിന് മികച്ച മാതൃകയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളും ഐ.എസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയതിന്റെ ജില്ലാതല പ്രഖ്യാപനവും ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സേവനം കാലതാമസം കൂടാതെ ലഭിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് തദ്ദേശ സ്ഥാപനങ്ങളെ ഐ.എസ്ഒ  നിലവാരത്തിലെത്തിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സേവന സുതാര്യതയും ജനസൗഹൃദ അന്തരീക്ഷവും ഗ്രാമപഞ്ചായത്തുകളുടെ മികവ് വര്‍ദ്ധി പ്പിക്കും വികസന നേട്ടത്തിനായി ജനങ്ങളെ മതനിരപേക്ഷാടിസ്ഥാനത്തില്‍ അണിനിരത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാകണം. ബ്ലോക്ക് ജില്ലാ പഞ്ചായത്തു കളുമായി ചേര്‍ന്നുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പാക്കണം. രണ്ട് കോടി രൂപ വരെ ഇത്തരം പദ്ധതികള്‍ക്ക് അനുവദിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്എസ്എസ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി. കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ ജില്ലാതല ഐഎസ്ഒ അംഗീകാരം മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലതാ അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത്  ജോയിന്റ് ഡയറക്ടര്‍ സലിം ഗോപാല്‍ സ്വാഗതവും ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. കെ സനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

(കെ.ഐ.ഒ.പി.ആര്‍ 402/19) 

date