ഇടുക്കി ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടില്‍ ഓപ്പണ്‍ ഓഡിറ്റോറിയം തയ്യാറാക്കും: ജില്ലാ കളക്ടര്‍
ഇടുക്കി ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടില്‍ ഓപ്പണ്‍ ഓഡിറ്റോറിയം ഉള്പ്പെടെ നിര്മ്മിക്കാനും എല്ലാ മാസവും ഇവിടെ വിവിധ പരിപാടികള്‍ നടത്താനുമുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്ശനമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും ഈ ഗ്രൗണ്ടിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. പിന്നിട്ട ആയിരം ദിനങ്ങളില്‍ വിവിധ മിഷന്റെ ഭാഗമായും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും ഒട്ടേറെ വികസന, ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതികള്‍ക്കായി കിട്ടുന്ന ഒരു ഫണ്ടും പാഴാക്കരുത് എന്ന് കളക്ടര്‍ ഉദ്യോഗസ്ഥരെ ഓര്മിപ്പിച്ചു.. ഇടുക്കി പോലുള്ള ജില്ലയിലെ ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോജിച്ച് പ്രവര്ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഇടുക്കി ജില്ലയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന് ഈ സര്‍ക്കാര്‍ പ്രതിഞ്ജാ ബദ്ധമാണെന്നും ഇക്കാര്യത്തില്‍ ഗവണ്മെന്റ് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂൂടത്തിന് എല്ലാ ജനപിന്തുണയും ലഭിക്കുമെന്ന്് കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്ഗീസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയ ജന്തുക്ഷേമ ക്ലബിലെ മികവിന് കരിങ്കുന്നം എല്‍.പി സ്കൂളിനുള്ള പുരസ്കാരം ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രദര്ശന വിപണനമേളയിലെ മികച്ച സ്റ്റോളിനുള്ള പുരസ്കാരം ഐ.റ്റി വകുപ്പിനുവേണ്ടി ജില്ലാ പ്രോജക്ട് മാനേജര് നിവേദും രണ്ടാം സ്ഥാനം എക്സൈസ് വകുപ്പിനുവേണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍ ലാലിച്ചനും മൂന്നാം സ്ഥാനം ആയുര്വേദ വകുപ്പിനുവേണ്ടി ഡോ. നൗഷാദും ഏറ്റുവാങ്ങി.
- Log in to post comments