Skip to main content

ദക്ഷിണേന്ത്യയിലെ ആദ്യക്ഷേത്രമ്യൂസിയം കൊടുങ്ങല്ലൂരില്‍ : നിര്‍മ്മാണോദ്‌ഘാടനം നാളെ

ദക്ഷിണേന്ത്യയിലെ ആദ്യക്ഷേത്രമ്യൂസിയത്തിന്‌ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നാളെ (മാര്‍ച്ച്‌ 3) തറക്കല്ലിടും. ക്ഷേത്രത്തിന്റെ നവരാത്രി മണ്ഡപത്തില്‍ രാവിലെ 10 ന്‌ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ ടൂറിസം വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. മുസിരിസ്‌ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.23 കോടി രൂപ ചെലവഴിച്ചാണ്‌ ക്ഷേത്ര മ്യൂസിയം കൊടുങ്ങല്ലൂരില്‍ യാഥാര്‍ത്ഥ്യമാകുക. നൂറ്റാണ്ടുകള്‍ പഴക്കമുളള കച്ചേരിപ്പുരയാണ്‌ ക്ഷേത്രമ്യൂസിയമായി രൂപാന്തരം പ്രാപിക്കുന്നത്‌. 
ക്ഷേത്രകലകളും ആചാരാനുഷ്‌ഠാനുങ്ങളും ഉള്‍ക്കൊള്ളിച്ചാണ്‌ മ്യൂസിയം നിര്‍മ്മിക്കുന്നത്‌. 2016-ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ്‌ മ്യൂസിയം നിര്‍മ്മിക്കുന്നതിനുള്ള നടപടികളാരംഭിച്ചത്‌. ക്ഷേത്രം വകയായുള്ള പൗരാണിക ഊട്ടുപുര, നിലവറ, അനുബന്ധ കെട്ടിടങ്ങള്‍ എന്നിവ നവീകരിച്ച്‌ ക്ഷേത്രത്തെ ഏല്‍പ്പിച്ചാണ്‌ മ്യൂസിയം നിര്‍മ്മിക്കുക. നവീകരിക്കുന്ന കെട്ടിടങ്ങളുടെ പൗരാണികത ഒട്ടും ചോരാതെ ശാസ്‌ത്രീയമായ രീതിയിലാണ്‌ നവീകരണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തിട്ടുളളത്‌. 
ക്ഷേത്രത്തിലെ വഴിപാടുസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കച്ചേരിപ്പുരയുടെ തനിമ നിലനിര്‍ത്തി കേരളീയവാസ്‌തുശില്‍പ്പകലാ മാതൃകയിലാണ്‌ നിര്‍മ്മാണം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ചരിത്രവും ആചാരവും ആരാധനാസമ്പ്രദായങ്ങളും ഐതിഹ്യങ്ങളും ചിത്രങ്ങളുമെല്ലാം ഡിജിറ്റല്‍ സംവിധാനത്തോടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ക്ഷേത്രകലകളെക്കുറിച്ചറിയാന്‍ പ്രത്യേക സംവിധാനവും ഉണ്ടാകും. മ്യൂസിയത്തിലെത്തുന്ന ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്ത്യയിലെ പുരാതനക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങളും മ്യൂസിയത്തില്‍ ഉണ്ടാകും. ഇന്ത്യയിലെ ക്ഷേത്രമ്യൂസിയങ്ങളുടെ രംഗത്ത്‌ എടുത്തു പറയാവുന്ന ഒന്നായിത്തീരും അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ പാലിച്ച്‌ രൂപകല്‍പ്പന ചെയ്യുന്ന കൊടുങ്ങല്ലൂര്‍ ടെമ്പിള്‍ ഭഗവതി ക്ഷേത്രമ്യൂസിയം. ഒന്നര വര്‍ഷമാണ്‌ നിര്‍മ്മാണകാലാവധി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍കല്‍ കമ്പനിക്കാണ്‌ നിര്‍മ്മാണച്ചുമതല. 
അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ.ബി. മോഹനന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. മുസിരിസ്‌ പൈതൃക പദ്ധതി എം.ഡി പി.എം. നൗഷാദ്‌, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.കെ. ജോസഫ്‌, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍, സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ്‌ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date