Skip to main content
നവീകരിച്ച കണ്ണൂർ ആർ ടി യോ ഓഫീസ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

നവീകരിച്ച ആര്‍.ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

വാഹനാപകടം കുറക്കാന്‍ 'സേവ് കേരള' പദ്ധതി 

നടപ്പിലാക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍

വാഹനാപകട നിരക്ക് കുറക്കാനും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കി സേവ് കേരള പദ്ധതി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെയുള്ളവ തുടങ്ങാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 179 ഉദ്യോഗസ്ഥന്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. പദ്ധതിയിലൂടെ മുഴുവന്‍ സമയ പരിശോധനകളും ശിക്ഷാ നടപടികളും കര്‍ശനമാക്കും. നവീകരിച്ച കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  

നിയമലംഘനം നടത്തുന്നവരോട് ഒരു ദാക്ഷിണ്യവും ആവശ്യമില്ല. അതേസമയം ന്യായമായ ആവശ്യങ്ങളോട് ക്രിയാത്മകമായി ഇടപെടേണ്ടതുമുണ്ട്. അപകട നിരക്ക് കുറക്കുന്നതിനാവശ്യമായ നിരീക്ഷണ ക്യാമറകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റോഡ് സേഫ്റ്റി അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 272 ബ്ലാക്ക് സ്‌പോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ സ്‌പോട്ടുകള്‍ കണ്ടെത്തിയത് തൃശ്ശൂര്‍ ജില്ലയിലാണ്. ഇവിടങ്ങളില്‍ പരിഷ്‌കരണ നടപടികള്‍ക്കുള്ള പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ട്. കണ്ണൂരിലെ പിലാത്തറ-പാപ്പിനിശ്ശേരി റോഡിലും ഇത്തരത്തില്‍ റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോരായ്മ ഉണ്ടായതായി ബോധ്യപ്പെട്ടിട്ടുണ്ട്. മഴക്കാലമാരംഭിക്കുന്നതിന് മുന്‍പ് അത് ശരിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഇതിനകം അഞ്ച് ഓട്ടോമാറ്റഡ്് ഡ്രൈവിംഗ് ടെസ്റ്റിംഗ് വാഹന പരിശോധന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. തളിപ്പറമ്പില്‍ ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. സ്ഥലം ലഭിച്ചാല്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ജില്ലയ്ക്ക് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് പയ്യന്നൂരില്‍ പുതിയ ആര്‍ടി ഓഫീസ് നിലവില്‍വരും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച പശ്ചാത്തലത്തില്‍ മട്ടന്നൂരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടി ഓഫീസ് സ്ഥാപിക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

മികച്ച പശ്ചാത്തല സൗകര്യങ്ങളോട് കൂടിയാണ് ആര്‍ടി ഓഫീസ് നവീകരിച്ചത്. സൗകര്യപ്രദമായ ഓഫീസ് ഹാള്‍, റിക്കാര്‍ഡ് റൂം, ഷെല്‍ഫുകള്‍, പൊതുജനങ്ങള്‍ക്കുള്ള ഇരിപ്പിടം തുടങ്ങിയവ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. 

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ എം ഷാജി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എം മനോഹരന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date