Skip to main content
വിദ്യാര്‍ത്ഥി  സുരക്ഷാ സെമിനാറും  അതിജീവനം ഡോക്യുമെറ്ററി  ഫെസ്റ്റും ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

ചൂഷണത്തിനെതിരായ പ്രതിരോധമാവണം  വിദ്യാര്‍ഥികളുടെ കരുത്ത്: കെ വി സുമേഷ്

 

സാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും ഏറെ പുരോഗതി പ്രാപിച്ച ഇക്കാലത്ത് സൈബര്‍ തട്ടിപ്പുകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരായ പ്രതിരോധമായിരിക്കണം വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കരുത്തെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചിന്‍മയ മിഷന്‍ കോളേജും സംയുക്തമായി സംഘടിപ്പിച്ച വിദ്യാര്‍ഥി സുരക്ഷാ സെമിനാറും അതിജീവനം ഡോക്യുമെന്ററി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ തട്ടിപ്പുകള്‍ക്കായി നിന്നുകൊടുക്കില്ലെന്ന ഉറച്ച ബോധ്യവും ആത്മവിശ്വാസവും ഓരോ വിദ്യാര്‍ഥിക്കുമുണ്ടാവണം. സോഷ്യല്‍ മീഡിയയിലെ മോഹവലയത്തിനു പിന്നാലെ പോകുന്നതിനു പകരം ജീവിതത്തില്‍ നേടിയെടുക്കാനുള്ള സ്വപ്‌നങ്ങള്‍ക്കു പിറകെയാണ് വിദ്യാര്‍ഥികള്‍ പോവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫോണുകളല്ല അത് ഉപയോഗിക്കുന്ന നമ്മളാണ് സ്മാര്‍ട്ടാവേണ്ടതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച ജില്ലാ പോലിസ് മേധാവി ജി ശിവ വിക്രം പറഞ്ഞു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് കുറ്റകൃത്യങ്ങളുടെ സ്വഭാവവും മാറി. ഇപ്പോള്‍ സുരക്ഷിത കേന്ദ്രങ്ങളിലിരുന്ന് തട്ടിപ്പുകളും ചൂഷണങ്ങളും നടത്താനുള്ള സൗകര്യങ്ങള്‍ വേണ്ടുവോളമുണ്ടെന്നും അവയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തുക മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അവാര്‍ഡ് നേടിയ കാന്തന്‍ ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ ശരീഫ് ഈസയെ ചടങ്ങില്‍ ആദരിച്ചു. 

കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇ കെ മഹീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍, സംവിധായകന്‍ അന്‍ഷാദ് കരുവഞ്ചാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുല്‍ കരീം, വൈസ് പ്രിന്‍സിപ്പാള്‍ മായ ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പോലിസിനു വേണ്ടി അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത സുരക്ഷാ ബോധവല്‍ക്കരണ ചിത്രം ഉള്‍പ്പെടെ വിവിധ ഡോക്യുമെന്ററികള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

 

date