Skip to main content
ജില്ലാ പഞ്ചായത്തിന്റ്റെ സ്‌കൂളുകളില്‍ സി സി ടി വി പദ്ധതികളുടെ ഉദ്ഘാടനം പോലീസ് മേധാവി  ശിവവിക്രം ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിക്കുന്നു

സ്‌കൂളുകളില്‍ സിസിടിവി:  ജില്ലാപഞ്ചായത്ത് പദ്ധതിക്ക് തുടക്കമായി

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിന്റെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താനായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ ഗവ. ഹൈസ്‌കൂളുകളിലും സിസിടിവി സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ചാല ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ കണ്ണൂര്‍ എസ്പി ജി ശിവവിക്രം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.

മികവുള്ള വിദ്യാഭ്യാസം മികവുറ്റ കേന്ദ്രം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി കൊണ്ടുവന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇത്തരം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ട്. അപരിചിതര്‍ സ്‌കൂളിലെത്തി കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുക, രാത്രികാലങ്ങളില്‍ സ്‌കൂളിലും പരിസരത്തും സാമൂഹ്യവിരുദ്ധരെത്തുന്നത് തടയുക, മോഷ്ടാക്കളെത്തുന്നത് തടയുക തുടങ്ങി സ്‌കൂളിന്റെ പൊതു അന്തരീക്ഷം നിര്‍മ്മലമാക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. 10 ലക്ഷം രൂപ വകയിരുത്തിയാണ് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 74 സര്‍ക്കാര്‍ സ്‌കൂളുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ സോളാര്‍ എനര്‍ജികള്‍, പെണ്‍കുട്ടികള്‍ക്ക് മാത്രമായി റസ്റ്റ്‌റൂം, സ്‌കൂളുകളിലേക്ക് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തിരുന്നു. 

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍, കെ ശോഭ,  ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് അംഗം പി ബാലകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് കുമാര്‍, മദര്‍ പിടിഎ പ്രസിഡന്റ് എം സി സിന്ധു, ഹെഡ് മിസ്ട്രസ് നിര്‍മ്മല മനോളി, സ്‌കൂള്‍ ലീഡര്‍ കെ ആരോമല്‍ എന്നിവര്‍ പങ്കെടുത്തു.  

 

date