Skip to main content
 തദ്ദേശ സ്വയംഭരണ ബാലസംരക്ഷണ സമിതി ശാക്തീകരണം ഉദ്ഘാടനം  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

ബാലാവകാശ സംരക്ഷണത്തിനായി ശക്തമായ കര്‍മ്മപദ്ധതികള്‍  ആവിഷ്‌കരിക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

 

വളര്‍ന്നുവരുന്ന കുട്ടികളുടെ ആരോഗ്യ പരിപാലനം ഉള്‍പ്പെടെ ഭൗതികവും ശാരീരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തദ്ദേശ സ്വയംഭരണ ബാല സംരക്ഷണ സമിതി ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമിതി അംഗങ്ങള്‍ക്കുള്ള ജില്ലാതല ശില്‍പശാലയും സംസ്ഥാനതല സിപിസി ശില്‍പശാലകളുടെ സമാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.  

നമ്മുടെ കുട്ടികള്‍ പലവിധേനയുമുള്ള പീഡനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്. പീഡനങ്ങള്‍ തടയുന്നതിന് സുശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. രക്ത ബന്ധങ്ങള്‍ പോലും വിസ്മരിച്ചുകൊണ്ടാണ് ഇന്ന് പീഡനങ്ങള്‍ നടക്കുന്നത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഇതിന് കാരണമാകുന്നുണ്ട്. ബാലാവകാശം ലംഘിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് ഇന്ന് സമൂഹത്തില്‍ നടക്കുന്നത്. ഇതേക്കുറിച്ച് സമഗ്രമായ ചര്‍ച്ചയും അവബോധവും ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ കൊണ്ടും നിയമപാലകരെകൊണ്ടും മാത്രം കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ തടയാനാവില്ല, അതിന് ജനകീയ മനസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ബാലാവകാശ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ് എന്ന ബോധം സമൂഹത്തിനുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബാലാവകാശ സംരക്ഷണ നിയമങ്ങളും പദ്ധതികളും നല്‍കുന്ന പരിരക്ഷയും സേവനങ്ങളും പ്രാദേശിക തലത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക, തദ്ദേശ സ്വയംഭരണ തലങ്ങളില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ബാലസംരക്ഷണ സമിതികള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. ബാലാവകാശ നിയമങ്ങളും സിപിസി ശാക്തീകരണവും, ബാലസംരക്ഷണ സംവിധാനങ്ങള്‍ ഐസിപിഎസ് പശ്ചാത്തലത്തില്‍, കുട്ടികളുടെ അവകാശ സംരക്ഷണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ - പദ്ധതി രൂപീകരണ മാര്‍ഗനിര്‍ദേശങ്ങള്‍, മാതൃക പദ്ധതി അവതരണവും ഗ്രൂപ്പ് ചര്‍ച്ചയും തുടങ്ങിയ വിഷയങ്ങളിലുള്ള സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടന്നു.

ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി കെ ശ്രീമതി ടീച്ചര്‍ എം പി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സുരേഷ്, കര്‍ണ്ണാടക ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. സെബാസ്റ്റിയന്‍ ആന്റണി, തമിഴ്‌നാട് ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ നിര്‍മല പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോര്‍പ്പറേഷന്‍ ആന്റ് ചൈല്‍ഡ് ഡവലപ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ കെ സി ജോര്‍ജ്ജ്, സംസ്ഥാന ബാലവകാശ കമ്മീഷന്‍ അംഗങ്ങളായ ഡോ. എം പി ആന്റണി, സിസ്റ്റര്‍ ബിജി ജോസ്, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആര്‍ വേണുഗോപാല്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അബ്ദുറഹിമാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.  

 

date