Skip to main content
മട്ടന്നൂര്‍ മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം

2020ലെ ഒളിംമ്പിക്‌സില്‍ കേരളത്തിന്റെ ശക്തമായ സാന്നിധ്യം അറിയിക്കാന്‍ കഴിയണം; മന്ത്രി ഇ പി ജയരാജന്‍

 

2020ല്‍ നടക്കുന്ന ഒളിംമ്പിക്‌സില്‍ കേരളത്തിന്റെ ശക്തമായ സാന്നിധ്യം അറിയിക്കാന്‍ കഴിയണമെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ഇതിനായി ഓപ്പറേഷന്‍ ഒളിംമ്പിയ എന്ന പേരില്‍ തെരഞ്ഞെടുക്കപ്പെട്ട 11 ഇനങ്ങളിലാണ് കായിക താരങ്ങള്‍ക്ക്  ഇപ്പോള്‍ പരിശീലനം നല്‍കുന്നതെന്നും ഒരോ ഇനത്തിനും പ്രത്യേക കേന്ദ്രങ്ങളില്‍ വച്ചാണ് പരിശീലനമെന്നും അദ്ദേഹം പറഞ്ഞു. കൂടാളി ഗ്രാമപഞ്ചായത്തിലെ പട്ടാന്നൂരില്‍ നിര്‍മ്മിക്കുന്ന മട്ടന്നൂര്‍ മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്ന മന്ത്രി. 

കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 755 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള സ്റ്റേഡിയങ്ങളാണ് നിര്‍മ്മിക്കുന്നത്. കൂടാതെ 54 മള്‍ട്ടി പര്‍പ്പസ് സ്‌പോട്‌സ് ഇന്റോര്‍ സ്റ്റേഡിയങ്ങളും നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതിന് മൂന്ന് ഏക്കര്‍ ഭൂമി ഇറിഗേഷനില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.

കളിസ്ഥലങ്ങള്‍ ഇല്ലാതായപ്പോള്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കളികളില്‍ നിന്ന് നാം പിറകോട്ട് പോയി. ഇത് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ബജറ്റില്‍ ഉള്‍പ്പെടാത്ത 50,000 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് സംസ്ഥാനത്ത് വിവിധ മേഖലകളിലായി ഇപ്പോള്‍ നടക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.

2.7 ഏക്കര്‍ ഭൂമിയിലാണ് 4.07 കോടി രൂപ ചെലവില്‍ മിനി സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഒന്‍പത് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. വിവിധ കായിക ഇനങ്ങളില്‍ മത്സരം നടത്താന്‍ കഴിയുന്ന രീതിയിലാവും മിനി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം. ഗ്യാലറി, കടമുറികള്‍, കളിക്കാര്‍ക്കുള്ള മുറികള്‍, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള സിന്തറ്റിക് ടര്‍ഫോടുകൂടിയ മിനി ഫുട്‌ബോള്‍ ഗ്രൗണ്ട്, ഔട്ട്‌ഡോര്‍ മഡ് വോളിബോള്‍ കോര്‍ട്ട്, അനുബന്ധ റോഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ മിനി സ്‌റ്റേഡിയത്തിലുണ്ടാകും. 

വ്യാഴാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഫല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കായിക യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date