Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍    70 ലക്ഷം രൂപ വായ്പ വിതരണം നടത്തി

 

     പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍  നടപ്പാക്കുന്ന നവീന വായ്പാ പദ്ധതികളില്‍ 70 ലക്ഷം രൂപ വിതരണം ചെയ്തു.   പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും വായ്പാ വിതരണവും അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ     നിര്‍വ്വഹിച്ചു. അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം വരെ വായ്പ നല്‍കുന്ന മള്‍ട്ടിപ്പര്‍പ്പസ് വായ്പാ പദ്ധതി, മൂന്ന് ലക്ഷം രൂപ വരെ ലഭിക്കുന്ന വനിത ശാക്തീകരണ പദ്ധതി, കൃഷി ഭൂമി വായ്പാ പദ്ധതി തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ ആവിഷ്‌കരി ച്ചിരിക്കുന്നത്. കൂടാതെ ഭവനരഹിതര്‍ക്ക് വീട് വെയ്ക്കാന്‍ പരമാവധി 10 ലക്ഷം രൂപ,  ഭവന പുനരുദ്ധാരണത്തിന് അഞ്ച് ലക്ഷം, പ്രവാസി പുനരുദ്ധാരണത്തിന് 20 ലക്ഷം, വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ, സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്കായി 50 ലക്ഷം രൂപ, പെട്രോളിയം ഡീലര്‍മാരായ  പട്ടികജാതി വിഭാഗക്കാര്‍ക്ക്  പ്രവര്‍ത്തന മൂലധനമായി 7.50 ലക്ഷം രൂപ എന്നിങ്ങനെ  നല്‍കുന്ന പദ്ധതികളിലാണ് വായ്പ വിതരണം നടത്തിയത്.  233 ഗുണഭോക്താക്കള്‍ക്കായി അനുവദിച്ചിട്ടുള്ള 3.49 കോടി രൂപയുടെ ഒന്നാം ഘട്ട വിതരണം സംസ്ഥാന സര്‍ക്കാരിന്റെ            ആയിരം ദിനാഘോഷത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്.

ദേശീയ സമ്പാദ്യ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.കെ രഞ്ജിത്ത്,  സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. ജെ വര്‍ഗ്ഗീസ്, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ പി. സുനിത, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. എന്‍  സുരേഷ് എന്നിവര്‍ പങ്കെടുത്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മാനേജര്‍ പി.എസ് രാമചന്ദ്രന്‍ സ്വാഗതവും ജില്ലാ  പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ജെ. എസ് ആന്റണി തോമസ് നന്ദിയും പറഞ്ഞു.

date