Skip to main content
പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണം: നടപ്പാത ഉദ്ഘാടനം

പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണം: നടപ്പാത ഉദ്ഘാടനം ചെയ്തു

 

പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഒരു കിലോമീറ്റര്‍ നടപ്പാത പി കെ ശ്രീമതി ടീച്ചര്‍ എംപി നാടിനു സമര്‍പ്പിച്ചു. പയ്യാമ്പലം ബീച്ച് ഉള്‍പ്പെടെ ഒട്ടേറെ പ്രകൃതി രമണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൊണ്ട് അനുഗൃഹീതമാണ് ഉത്തര മലബാര്‍. എന്നാല്‍ ഇവിടങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടന്നിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. അടുത്ത കാലത്തായി ഇക്കാര്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അതിന്റെ തെളിവുകളിലൊന്നാണ് പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതിയെന്നും എംപി പറഞ്ഞു. പയ്യാമ്പലം ബീച്ചിലെ അഡ്വഞ്ചര്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു. 

പയ്യാമ്പലം ബീച്ചില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. പ്രവൃത്തി ദിനങ്ങളിലുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പയ്യാമ്പലം ബീച്ചില്‍ സന്ദര്‍ശകരായി എത്തുന്നത്. എന്നാല്‍ അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നത് പ്രശ്‌നമാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിക്ക് കോര്‍പറേഷന്‍ പദ്ധതി ആവിഷ്‌ക്കരിച്ചുണ്ടെന്നും മേയര്‍ പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, പി പി മുരളീഷ്, വയക്കാടി ബാലകൃഷ്ണന്‍, സി പി ഷൈജന്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, കെ രാധാകൃഷ്ണന്‍, കെ വി ഹാരിസ്, പി പി ദിവാകരന്‍, ഉണ്ണികൃഷ്ണന്‍ മംഗലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. 

പയ്യാമ്പലം സൗന്ദര്യവല്‍ക്കരണം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 3.5 കോടി രൂപ ചെലവിലാണ് സൗരോര്‍ജ വിളക്കുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, റെയിന്‍ ഷെല്‍ട്ടര്‍ തുടങ്ങിയവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

date