കണ്ണൂര്‍ അറിയിപ്പുകള്
ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന് ഓഫീസുമായും ഹരിതകേരളം മിഷന് സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷന് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാര്‍ച്ച് അഞ്ച് മുതല്‍ 18 ന് വൈകുന്നേരം 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.haritham.kerala.gov.in ല്‍ ലഭിക്കും.
ശുചിത്വ മികവ് കണ്ടെത്താന്‍ ജില്ലാതല സംഗമം
ജില്ലയിലെ ശുചിത്വ -മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കണ്ടെത്താന്‍ ഹരിത കേരളം മിഷന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ജില്ലാ തല സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആറിന് രാവിലെ 10 മണി മുതല്‍ ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് ജില്ലാതല സംഗമം .
ബ്ലോക്ക് തലങ്ങളില്‍ സംഘടിപ്പിച്ച ശുചിത്വ അവലോകന യോഗത്തില്‍ മികച്ചതെന്ന് കണ്ടെത്തിയ 24 ഗ്രാമ പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളുമാണ് ജില്ലാതല സംഗമത്തില്‍ തങ്ങളുടെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുക. ശുചിത്വ മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനല്‍ മികച്ച ശുചിത്വസ്ഥാപനത്തെ തെരഞ്ഞെടുക്കും. അഞ്ച് മികച്ച ശുചിത്വ സ്ഥാപനങ്ങള്‍ക്ക് സാക്ഷ്യ പത്രങ്ങളും മറ്റു സമ്മാനങ്ങളും നല്‍കും. സംസ്ഥാന തല സംഗമത്തിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും
ശുചിത്വ മേഖലയില്‍ നടത്തിയ നൂതന ഇടപെടലുകള്‍, പൊതു ശുചിത്വം, സ്ഥായിയായ ശുചിത്വ മാര്‍ഗങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് മൂല്യനിര്‍ണയത്തില്‍ പരിഗണിക്കുക.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ഹരിത കേരളം മിഷന് കണ്‍സള്‍ട്ടന്റ് ജഗജീവന്‍ തുടങ്ങിയവര്‍ ശുചിത്വ സംഗമത്തില്‍ പങ്കെടുക്കും.
സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം
കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ച് 'ദിശ ഒരു വഴികാട്ടി' എന്ന പദ്ധതിയിലൂടെ പട്ടികജാതിയില്‍പ്പെട്ട യുവതീ യുവാക്കളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി എസ് സി പരിശീലനം സംഘടിപ്പിക്കുന്നു. ഏഴാം ക്ലാസ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസമാണ് കോഴ്സ്. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. അപേക്ഷ ഗ്രാമ പഞ്ചായത്ത്/ കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. രേഖകള്‍ സഹിതം കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ പൂരിപ്പിച്ച അപേക്ഷകള്‍ എത്തിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 5. ഫോണ്‍: 9747324153.
അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്
തലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവുണ്ട്. സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക് ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവര് മാര്‍ച്ച് 13 ന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അപേക്ഷ, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. എം ജി എന്‍ ആര് ഇ ജി എസ് പദ്ധതിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0490 2389100.
അപേക്ഷ ക്ഷണിച്ചു
പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനും ഗതിവേഗം കൈവരിക്കുന്നതിനുമായി എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട 30 സെന്ററുകളില്‍ ഫെസിലിറ്റേഷന്‍ ഹബ്ബുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് എഞ്ചിനീയര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് സ്റ്റാഫ് എന്നീ തസ്തികകളില്‍ ആറ് മാസത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര് അപേക്ഷയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് ലൈഫ് മിഷന് ഓഫീസുകളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍:0471 2518274, 0497 2700143.
ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ അഞ്ചിന്
ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, പട്ടികജാതി-പട്ടികവര്‍ഗ മേഖലയിലെ ജനപ്രതിനിധികള്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, എസ് സി-എസ് ടി പ്രമോട്ടര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം സംബന്ധിച്ച് മാര്‍ച്ച് അഞ്ചിന് ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കുന്ന സെമിനാര്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിക്കും. സബ് ജഡ്ജ് സി സുരേഷ്കുമാര്‍ മുഖ്യാതിഥിയായിരിക്കും.
പി എം എ വൈ (ഗ്രാമീണ്‍) ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം
പി എം എ വൈ (ഗ്രാമീണ്‍)ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി ഭൂമിയുള്ള ഭവന രഹിതരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള രജിസ്ട്രേഷന് ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ചു. 2022 വരെയുള്ള പി എം എ വൈ(ഗ്രാമീണ്‍) പട്ടികയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയാണിത്.
ലൈഫ് പട്ടികയില്‍ നിന്ന് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മറ്റംഗങ്ങള്ക്ക്് വീട്, റേഷന്‍ കാര്‍ഡില്ലാത്തതിനാലും , കൈവശാവകാശ രേഖയില്ലാത്തതിനാലും, 25 സെന്റിന് മുകളില്‍ വസ്തുവുള്ളതിനാലും ഒഴിവാക്കപ്പെട്ടവര്‍, ലൈഫ് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ പുതുതായി അപേക്ഷ നല്കിയവര്, ഭവനനിര്‍മാണ ധനസഹായത്തിനായി കലക്ടര്‍ക്കും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അപേക്ഷ നല്കിയവര്, പുതിയ അപേക്ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
നിശ്ചയിക്കുന്ന അര്‍ഹതാ മാനദണ്ഡപ്രകാരം ആവാസ് പ്ലസ് മുഖേന തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നായിരിക്കും വരുംവര്‍ഷങ്ങളില്‍ ഭവനനിര്‍മ്മാണ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ മാര്‍ച്ച് അഞ്ചിനകം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ശാസ്ത്രദിനം ആചരിച്ചു
ശാസ്ത്രായനം 2019 ന്റെ ഭാഗമായി കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല ദേശീയ ശാസ്ത്രദിനം ആചരിച്ചു. സയന്‍സ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി ലീല അധ്യക്ഷ വഹിച്ചു. സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാര്‍, സയന്‍സ് ക്ലബ് സെക്രട്ടറിമാരായ മനോജ് കുമാര്‍, സുനില്‍ ജി പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശാസ്ത്രവും ശാസ്ത്ര ബോധവും എന്ന വിഷയത്തില്‍ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എ സുകേഷ്, പ്രൊജക്ട് നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് ഗംഗാധരന് മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രൊജക്ട് അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിതരണം ചെയ്തു.
ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ കൂടിക്കാഴ്ച മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കും. പ്രായപരിധി 18-40. ഉദ്യോഗാര്‍ഥികള്‍ ഗവ അംഗീകൃത ഫിസിയോ തെറാപ്പി കോഴ്സ് പാസായവരായിരിക്കണം. താല്പര്യമുള്ളവര് വയസ്, വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍, കോപ്പി എന്നിവ സഹിതം ഹാജരാകണം.
ലോണ്‍ മേളയും ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് കണ്ണൂര്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പയ്യാവൂര്‍ സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതികളെ കുറിച്ച് ബോധവല്‍ക്കരണ ക്യാമ്പും ലോണ്‍ മേളയും നടത്തി. കെ എസ് ബി സി ഡി സി മാനേജര്‍ സി സുധാകരന്റെ അധ്യക്ഷതയില്‍ കോട്ടയം അതിരൂപതാ സഹായ മൈത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കുള്ള വിവിധ വായ്പാ പദ്ധതികളെ കുറിച്ച് കെ എസ് ബി സി ഡി സി മാനേജര്‍ സി സുധാകരന് ക്ലാസ് എടുത്തു. മാസ് പ്രോഗ്രാം മാനേജര്‍ അബ്രഹാം ഉള്ളാടപ്പുള്ളില്‍, സെക്രട്ടറി ഫാ.ബിബിന്‍ തോമസ് കണ്ടോത്ത്, ഫാ.ബാബു പാറത്തോട്ടുംകര, സുഷ ബെന്നി, റെനി സിബി എന്നിവര്‍ സംബന്ധിച്ചു.
പരാതി ബോധിപ്പിക്കാം
തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ മാര്‍ച്ച് 21 ന് വൈകിട്ട് രണ്ട് മണിക്ക് നടക്കുന്ന പരാതി പരിഹാര സെല്‍ യോഗത്തില്‍ പരിഗണിക്കുന്നതിനായി ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് പരാതികള്‍ നേരിട്ടോ അല്ലാതെയോ യോഗത്തിനു മുമ്പ് ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കാം
- Log in to post comments