Skip to main content

ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി പാല നഗരസഭാ ബജറ്റ്

 

      ക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി പാല നഗരസഭ പുതിയ വര്‍ഷത്തെ  ബജറ്റ് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ കുടക്കച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ബജറ്റ് അവതരിപ്പിച്ചു. 57, 29,07493 രൂപ വരവും 52,68,37418  രൂപ ചെലവും ബജറ്റ് ലക്ഷ്യമിടുന്നു. ബജറ്റി•േലുള്ള ചര്‍ച്ച ആറിന് നടത്തും. വിവിധ മേഖലകളിലായി നൂറോളം വികസന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് നവീകരണത്തിനും കുടിവെള്ള പദ്ധതികള്‍ക്കുമാണ് ഏറ്റവുമധികം തുക വകയിരുത്തിയിരിക്കുന്നത്. നഗരസഭയിലെ വിവിധ റോഡുകള്‍ക്കായി നാല് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നഗരത്തിലെ ഏറ്റവും വലിയ പ്രശ്‌നമായ കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി 69.96 ലക്ഷം  രൂപയുടെ പദ്ധതികളാണ് ബജറ്റിലുളളത്. പൊതുകിണറുകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ സംരക്ഷണത്തിനായി 12 ലക്ഷം രൂപയും ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവയ്ക്കായി 28 ലക്ഷം രൂപയും വകയിരുത്തി. 

    നഗരത്തിലെ ഓടകളുടെ സ്ലാബുകളില്‍ മാന്‍ഹോള്‍ കവര്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം, പി എം എ വൈ ഭവന നിര്‍മ്മാണ പദ്ധതിക്ക് 48 ലക്ഷം, പൊതു ശുചിമുറികളുടെ നിര്‍മ്മാണത്തിന് അഞ്ചര ലക്ഷം, മുനിസിപ്പല്‍ കോളനികളിലെ വീടുകളുടെ അറ്റകുറ്റപണികള്‍ക്ക് എട്ട് ലക്ഷം, കോളനികളിലെ ഡ്രെയിനേജ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആറ് ലക്ഷം, സാമൂഹ്യ സുരക്ഷാ മിഷന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം, അംഗന്‍വാടി അനുപൂരക പോഷകാഹാര പദ്ധതിയ്ക്ക് 10 ലക്ഷം എന്നിവയ്‌ക്കൊപ്പം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍ക്കും  ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി സ്‌കോളര്‍ഷിപ്പ്, യൂണീഫോം അലവന്‍സ് ഇനത്തില്‍ 12 ലക്ഷം രൂപയും കലാകായിക മേളകള്‍ നടത്തുന്നതിന് 50,000 രൂപയും നീക്കിവെച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന്  അഞ്ച് ലക്ഷം രൂപയും വകയിരുത്തി.

       കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്ന പദ്ധതിയ്ക്ക് നാല് ലക്ഷം, യോഗ നഗരമാക്കുന്നതിന് ഒന്നര ലക്ഷം, പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍ക്ക് 10 ലക്ഷം,  എബിസി പ്രോഗ്രാം നടപ്പാക്കുന്നതിന്  മൂന്ന് ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സ്‌കോളര്‍ഷിപ്പുകള്‍, ബസ് സ്റ്റാന്‍ഡുകളുടെ നവീകരണം, ബാല സൗഹൃദ നഗരം, ദുരന്ത നിവാരണ പരിശീലനം യാചക പുനരധിവാസ പദ്ധതി വിവിധ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

date