പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ള- കാര്‍ഷിക ജലവിതരണം കാര്യക്ഷമമാക്കും : ജില്ലാ കളക്ടര്‍
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ വേനല്‍കാലമായതോടെ രൂക്ഷമായ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനും അവിടങ്ങളില്‍ കാര്ഷികാവശ്യങ്ങള്ക്കുമുളള ജലവിതരണം സുഗമമാക്കാനും നടപടികളെടുക്കാന്‍ കളക്ടറേറ്റില്‍ നടന്ന വരള്‍ച്ച അവലോകനയോഗത്തില്‍ തീരുമാനമായി. പ്രളയം ബാധിച്ച പ്രദേശങ്ങളിലെല്ലാം മാര്‍ച്ച് ആദ്യവാരം തന്നെ ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് ജില്ലാകളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. ജില്ലയിലെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ഷോളയാര്‍, അപ്പര്‍ ഷോളയാര്‍, പെരിങ്ങല്‍കുത്ത് എന്നിവിടങ്ങളില്‍ നിന്നുമുള്ള വെള്ളം ജലക്ഷാമം ഏറെ രൂക്ഷമായ പ്രളയബാധിത പ്രദേശമായ മാള ഭാഗത്തേക്ക് എത്തിക്കാനും പ്രത്യേക നടപടിയെടുക്കും. ജില്ലയിലെ പഞ്ചായത്തുകളില്‍ കുടിവെള്ളവിതരണം നടത്തുന്നതിനായി ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം. ചിലയിടങ്ങളില്‍ കുടുംബശ്രീ നടത്തുന്ന ജല ഗുണ പരിശോധന ജില്ലയിലാകെ വ്യാപിപ്പിക്കും. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 60 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യും. ഉപയോഗ്യമായ തരത്തില്‍ ജലലഭ്യതയുളള ക്വാറികളില്‍ നിന്നും ജല അതോറിറ്റി വരള്‍ച്ചാപ്രദേശങ്ങളില്‍ വെള്ളമെത്തിക്കും. മഴപ്പൊലിമയുടെ ജില്ലയിലെ 15 യൂണിറ്റുകള്‍ സര്‍ക്കാര്‍ ഓഫീസുകളുടെ കുടിവെള്ള സ്രോതസ്സുകള്‍ റീച്ചാര്‍ജ് ചെയ്യും. ചിറകള്‍ സംരക്ഷിച്ച് ശുദ്ധീകരിച്ച് ജലവിതരണം കാര്യക്ഷമാക്കും. ജില്ലയിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 300 ഓളം കിയോസ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ജലവിതരണം സുഗമമാക്കും. കേടായ കിയോസ്കുകള്‍ മാറ്റി സ്ഥാപിക്കാനും തീരുമാനമായി. ഭൂജല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. യോഗത്തില്‍ വിവിധ വകുപ്പുതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments