Skip to main content

കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി: ആദ്യ ചികിത്സാകാർഡ് വിതരണം മുഖ്യമന്ത്രി നിർവഹിച്ചു

 

കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയുടെ (കെ.എ.എസ്.പി.) ചികിത്സാകാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൂവച്ചൽ സ്വദേശികളായ റെജിൻ, ഇന്ദിര എന്നിവർക്കാണ് ആദ്യ ചികിത്സാകാർഡ് നൽകിയത്. ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കെ.എ.എസ്.പി. സ്പെഷ്യൽ ഓഫീസർ ഡോ. രത്തൻ ഖേൽക്കർ, ചിയാക് എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ എന്നിവർ പങ്കെടുത്തു. 

 

സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അഞ്ച്  ലക്ഷം രൂപയുടെ സൗജന്യചികിത്സയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്നുമുതൽ പദ്ധതി സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.

 

തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും ഈ പദ്ധതി പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 41 ലക്ഷം കുടുംബങ്ങൾക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നിലവിൽ ആർ.എസ്.ബി.വൈ., ചിസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങളും ഇതിന്റെ കീഴിൽ വരും. പദ്ധതിയുമായി ബന്ധപ്പെട്ട് 1,824 മെഡിക്കൽ പാക്കേജുക്കൾക്കുള്ള നിരക്കുകൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. 

പി.എൻ.എക്സ്. 853/19

date