പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ ജില്ലാതല ബോധവത്കരണ സെമിനാർ നടത്തി
പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർ, എസ് സി- എസ് ടി പ്രമോട്ടർമാർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കായി ജില്ലാതല ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ശക്തമായ നിയമങ്ങൾ നിലനിൽക്കുമ്പോഴും അപരിഷ്‌കൃതമായ മനസ്സോടുകൂടി അവരെ നോക്കിക്കാണുന്ന, കാലഘട്ടത്തിന് യോജിക്കാത്ത സമീപനം പലരുടേയും മനസ്സിൽ നിലനിൽക്കുന്നുണ്ടെന്നും അതിന്റെ അനന്തരഫലങ്ങളാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് പറഞ്ഞു. എല്ലാവിഭാഗം ജനവിഭാഗങ്ങളോടും സാമൂഹികമായ വേർതിരിവില്ലാതെ പരസ്പര ബഹുമാനവും ആദരവും കാത്തുസൂക്ഷിക്കണമെന്നും, ജാതിയുടേയും മതത്തിന്റെയും പേരിൽ മനുഷ്യനെ തരംതിരിച്ച് അപമാനിക്കാനുള്ള ശ്രമത്തിനെതിരെ കൂട്ടായ പരിശ്രമം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-പട്ടികവർഗക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനും ഭരണഘടന ഉറപ്പാക്കുന്ന പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുമായാണ് പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം 1989 ന് രൂപം നൽകിയത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സി സുരേഷ് കുമാർ മുഖ്യാതിഥിയായി. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുത്തു. കോർപ്പറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക്, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ കെ ഷാജു, ഐടിഡിപി പ്രൊജക്ട് ഓഫീസർ ജാക്വിലിൻ ഷൈനി ഫെർണാണ്ടസ്, പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ബിപി ശശീന്ദ്രൻ, സംസ്ഥാന പട്ടികജാതി ഉപദേശക സമിതിയംഗം ഇ ഗംഗാധരൻ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments