പെരിഞ്ഞനത്ത് വനിതാ ഹെല്‍ത്ത് ക്ലബ്
ജീവിതശൈലീരോഗങ്ങളില്‍ നിന്ന് മുക്തി നേടാനും ആരോഗ്യമുള്ള മനസ്സും ശരീരവും വാര്‍ത്തെടുക്കാനും സ്‌ത്രീകള്‍ക്കായി പെരിഞ്ഞനം പഞ്ചായത്തില്‍ വനിതാ ഹെല്‍ത്ത് ക്ലബ് ആരംഭിച്ചു. വനിതാ ആരോഗ്യത്തിനായി 2018-19 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തനത് ഫണ്ടില്‍ നിന്നാണ് ആധുനികരീതിയിലുള്ള ഫിറ്റ്‌നസ് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. രണ്ടേമുക്കാല്‍ ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് പരിശീലനത്തിനായി വാങ്ങിയിരിക്കുന്നത്. ട്രഡ്‌മില്‍, കോസ് ട്രെയിനര്‍, ക്രഞ്ചസ് മെഷീന്‍, ബെഞ്ച് പ്രസ്സ്, ഡംബല്‍, എലിപ്പിക്കല്‍ മാഗ്‌നറ്റിക് സൈക്കിള്‍, സ്‌കിപ്പിങ്ങ് റോപ്പ്, ജിം ബോള്‍ എന്നിങ്ങനെ കൊഴുപ്പ് കുറച്ച് രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ശാരീരികവും മാനസികവുമായ ആരോഗ്യവും വര്‍ദ്ധിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള 16 ഉപകരണങ്ങളാണ് ഇവിടെയുള്ളത്. പഞ്ചായത്തിന്റെ കീഴിലുള്ള കുറ്റിലക്കടവ് ഹെല്‍ത്ത് കമ്മ്യൂണിറ്റി സെന്ററിന്റെ പഴയ കോണ്‍ഫറന്‍സ് ഹാളാണ് വനിതാ ഹെല്‍ത്ത് ക്ലബ്ബായി മാറ്റിയിരിക്കുന്നത്. കമ്മ്യൂണിറ്റി സെന്ററിന്റെ കോണ്‍ഫറന്‍സ് ഹാളിനായി പുതിയ കെട്ടിടം നിര്‍മ്മിച്ചതോടെയാണ് വനിതകളുടെ ഹെല്‍ത്ത് ക്ലബ്ബ് പഴയ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കാന്‍ തീരുമാനമായത്. ഉദ്യോഗസ്ഥരായ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ രാവിലെയും വൈകുന്നേരവുമാണ് ഹെല്‍ത്ത് ക്ലബ്ബിന്റെ പ്രവര്‍ത്തനസമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6.30 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ 7 വരെയുമാണ് സമയം. പരിശീലിപ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി താത്‌കാലികമായി വോളിബോള്‍ താരമായ ഒരു വനിതാ ട്രയിനറും ഇവിടെയുണ്ട്. സ്ഥിരമായി കൂടുതല്‍ വനിതാ ട്രെയിനര്‍മാരെ നിയമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. സച്ചിത്ത് പറഞ്ഞു.
- Log in to post comments