ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി എം.പി ഫണ്ട്
പി.കരുണാകരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കായി ഇലക്ട്രിക് വീല്‍ ചെയറുകളും സൈഡ്‌വീല്‍ ഘടിപ്പിച്ച മുച്ചക്ര വാഹനവും വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി.കരുണാകരന്‍ എംപി നേരിട്ട് എത്തിയാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്.
99,500 രൂപ വില വരുന്ന രണ്ടു ഇലക്ട്രിക് വീല്‍ ചെയറുകളും 81,000 രൂപ വില വരുന്ന മുച്ചക്ര വാഹനവുമാണ് എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും വാങ്ങിയത്. സാമൂഹികനീതി വകുപ്പിന് ലഭിച്ച അപേക്ഷകളില്‍ നിന്നാണ് അര്‍ഹരായവരെ കണ്ടെത്തിയത്. ചന്തേര കാഞ്ഞിരിക്കല്‍ ഹൗസില്‍ കെ.രാജീവന്‍(48), എടനീര്‍ പാടി കന്നിക്കുണ്ട് കെ.വാമനന്‍(35) എന്നിവര്‍ക്ക് ഇലക്ട്രിക് വീല്‍ ചെയറും മടിക്കൈ ചതുരക്കിണര്‍ ചെട്ടി വീട്ടില്‍ ഗണേശന് (35) മുച്ചക്ര വാഹനവുമാണ് ലഭിച്ചത്. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷതവഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എന്‍.ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞു.
98 ശതമാനം എം.പി ഫണ്ട് വിനിയോഗിച്ചു: പി.കരുണാകരന്‍ എം.പി
കാസര്‍കോട് മണ്ഡലത്തില്‍ എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള നിന്നുള്ള തുക ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് സഹായകരമാകുന്ന ഉപകരണങ്ങള്‍ പത്ത് ഇടങ്ങളിലായി വിതരണം ചെയ്യുവാന്‍ കഴിഞ്ഞതായി പി.കരുണാകരന്‍ എം.പി പറഞ്ഞു. മണ്ഡലത്തില്‍ എം പി ഫണ്ട് 98 ശതമാനം വിനിയോഗിക്കുവാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം പി.
അഞ്ചുവര്‍ഷത്തിനിടെ എംപി ഫണ്ടില്‍ നിന്ന് 61 സ്‌കൂളുകള്‍ക്ക് ബസുകള്‍ നല്‍കാന്‍ സാധിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് എംപി ഫണ്ടില്‍ നിന്ന് സ്‌കൂള്‍ ബസുകള്‍ക്ക് ഫണ്ട് അനുവദിച്ചത്. പിന്നീട് മറ്റു മണ്ഡലങ്ങളിലും ഈ പദ്ധതി മാതൃകയാക്കി. 15 ആശുപത്രികള്‍ക്ക് ആംബുലന്‍സ് അനുവദിച്ചു. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ നടപ്പിലാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഈ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കോടിക്കണക്കിന് തുക ചെലവഴിച്ചു. ജില്ലയിലെ ആശുപത്രികളിലും നിരവധി സഹായങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് സഹായമെത്തിക്കാന്‍ സാധിച്ചതായും പി.കരുണാകരന്‍ എംപി പറഞ്ഞു.
- Log in to post comments