കൃത്യസമയങ്ങളില്‍ കൃഷിയിറക്കിയില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ കിട്ടില്ല : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍
കര്‍ഷകര്‍ അതതുസമയങ്ങളില്‍ കൃഷിയിറക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അനുയോജ്യമല്ലാത്ത സമയങ്ങളില്‍ കൃഷി ചെയ്യുന്നത് വിളകളെയും ഉല്‍പ്പാദനത്തെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ണുപര്യവേക്ഷണ മണ്ണുസംരക്ഷണ വകുപ്പിന്റെ കീഴില്‍ അന്തിക്കാട് ബ്ലോക്കിലെ താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന മാത്തുതോട് സംരക്ഷണപദ്ധതി ഉദ്‌ഘാടനംചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍ ഐ ഡി എഫ് 24 പദ്ധതിയിലുള്‍പ്പെടുത്തി 3.04 കോടി രൂപ ചെലവഴിച്ചാണ് അന്തിക്കാട് പഞ്ചായത്തിലെ 9,13 വാര്‍ഡുകളും താന്ന്യം പഞ്ചായത്തിലെ 2,3,4,11,12,13, 14 വാര്‍ഡുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളും ഉള്‍പ്പെടുത്തി 477 ഹെക്ടര്‍ വരുന്ന മാത്തുതോട് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്. ശ്രീരാമന്‍ചിറ പാടശേഖരം, കുണ്ടനികുള പാടശേഖരം, മഞ്ചിറ പാടശേഖരം എന്നീ വിഭാഗങ്ങള്‍ക്കാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. 58 ഹെക്ടര്‍ സ്ഥലത്തു നെല്‍കൃഷി അധികമായി ചെയ്യുവാനും 25 ടണ്‍ നെല്ല് അധികമായി ഉത്‌പാദിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയിലൂടെ 80,000 തൊഴില്‍ദിനങ്ങളും 250 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനവും ലഭിക്കുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകവഴി തരിശായികിടക്കുന്നസ്ഥലങ്ങള്‍ കൃഷിയിലേക്കു കൊണ്ടുവരാനും ഒരുപൂക്കൃഷി ഇരുപ്പൂ ആക്കാനും പ്രദേശത്തെ മുഴുവന്‍ കിണറുകളിലേയും ജലവിതാനം ഉയര്‍ത്താനും പാടശേഖരങ്ങളിലെ ജൈവവൈവിധ്യം നിലനിര്‍ത്താനും കൃഷി ചെലവുകുറച്ചു കര്‍ഷകന് കൂടുതല്‍ ആദായം ലഭിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രളയത്തെത്തുടര്‍ന്നു തോടുകളില്‍നിന്നു വെള്ളം കരകവിഞ്ഞൊഴുകി പ്രദേശം മുഴുവന്‍ വെള്ളക്കെട്ട് നേരിട്ടതിനാല്‍ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ജീര്‍ണ്ണാവസ്ഥയില്‍ ആണ്. കുണ്ടനികുള പാടശേഖരത്തിന്റെ ആകെ വിസ്‌തീര്‍ണ്ണം 16.44 ഹെക്ടര്‍ ആണ്. 1775 മീറ്റര്‍ പാര്‍ശ്വഭിത്തിസംരക്ഷണം ജലസേചനത്തിനു പി വി സി പൈപ്പ് സ്ഥാപിക്കല്‍ മാത്തുതോട് പാലത്തിനരികെ 1430 മീറ്റര്‍ കോണ്‍ക്രീറ്റ് റീറ്റെയ്‌നിങ് വാള്‍ എന്നിവയും 16.19 ഹെക്ടര്‍ വിസ്‌തീര്‍ണമുള്ള ശ്രീരാമന്‍ചിറ പാടശേഖരത്തില്‍ 610 മീറ്റര്‍ സ്ലൂയിസ്സുകളുടെ നവീകരണം ജലസേചനത്തിനു 1020 മീറ്റര്‍ പി വി സി പൈപ്പ് സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്ളത്. താന്ന്യം വാളമുക്കില്‍ നടന്ന ഉദ്‌ഘടനപരിപാടിയില്‍ ഗീതാഗോപി എം എല്‍ എ അധ്യക്ഷയായി., സി എന്‍ ജയദേവന്‍ എം പി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ്,എന്നിവര്‍ മുഖ്യതിഥികളായി. അന്തിക്കാട് ബ്ലോക്ക് പ്രസിഡണ്ട് പി സി ശ്രീദേവി, പഞ്ചായത്ത് പ്രെസിഡന്റുമാരായ പി എസ് രാധാകൃഷ്‌ണന്‍, എം വി ശ്രീവത്സന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നിജോസഫ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലവിജയകുമാര്‍, ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് പ്രധിനിധികള്‍ പങ്കെടുത്തു. മണ്ണുസംരക്ഷണ വകുപ്പ് ഓഫീസര്‍ പി ഡി സിന്ധു പദ്ധതി വിശദീകരണം നടത്തി.
- Log in to post comments