പരീക്ഷ നേരിടാം, സധൈര്യം കൗണ്‍സലിങ്ങ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
പരീക്ഷാക്കാലം വിദ്യാര്‍ഥികള്‍ക്കെന്നും ആവലാതികളുടെയും പിരിമുറുക്കത്തിന്റെയും കാലഘട്ടം കൂടിയാണ്. പരീക്ഷാ കാലത്തെ കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുകയും പരീക്ഷയെ ധൈര്യപൂര്‍വ്വം നേരിടുന്നതിന് പിന്തുണ നല്‍കുകയും ചെയ്യുന്നതിന് സധൈര്യം പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സയന്‍സ് പാര്‍ക്കും. ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിച്ച സാഹചര്യത്തിലാണ് ഒരു ഫോണ്‍ കോളില്‍ കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകനും കൗണ്‍സിലറുമായ എം വി സതീഷിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച കൗണ്‍സിലര്‍മാരുടെ ഒരു സംഘത്തെത്തന്നെയാണ് വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരുക്കിയിരിക്കുന്നത്. രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകുന്നേരം 5.30 മുതല്‍ 8.30 വരെയും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇവരെ വിളിക്കാം.
വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും മറ്റും കൗണ്‍സലിംഗ് നല്‍കുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ക്ക് 9495369472 (എം വി സതീഷ്), 9544741525 (ശ്യാമിലി കണ്ണാടിപറമ്പ), 9496360562 (രാധകൃഷ്ണന് ശ്രീകണ്ഠാപുരം), 8861865996 (ശ്രീജേഷ് തലശ്ശേരി), 8547371328(വിയാന പി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. നിലവില്‍ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി സയന്സ്് പാര്‍ക്കില്‍ നടന്നുവരുന്ന കൗണ്‍സലിംഗിന് പുറമെയാണ് ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി.
- Log in to post comments