കല്യാശ്ശേരി മണ്ഡലത്തിലെ ലൈബ്രറികള്‍ ഹൈടെക്കായി; ഒപ്പം സേവന കേന്ദ്രങ്ങളും ലൈബ്രറികള്‍ അനൗപചാരിക സര്‍വകലാശാലകള്‍: എംപി
കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും വ്യാപിച്ചുകിടക്കുന്ന ഗ്രന്ഥാലയങ്ങള്‍ അനൗപചാരിക സര്‍വകലാശാലകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി കരുണാകരന് എംപി. കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികളും ഹൈടെക്ക് കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സാമൂഹിക-സാംസ്ക്കാരിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്കാണ് ലൈബ്രറികള്‍ വഹിച്ചത്. സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച ഇക്കാലത്ത് അതിനനുസരിച്ച് ലൈബ്രറികളും മാറണം. കല്യാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയിരിക്കുന്ന ഹൈടെക്ക് ലൈബ്രറി പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ടൂരില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്ന് എല്ലാ വായനശാലകളെയും ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചു. എന്തൊക്കെ സാങ്കേതികവിദ്യകള്‍ വന്നാലും പുസ്തകങ്ങളുടെയും പുസ്തക വായനയുടെയും പ്രാധാന്യം ഇല്ലാതാവില്ലെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്. എന്നാല്‍ അര്‍ഹരായ ആളുകളില്‍ അവ പലപ്പോഴും എത്തുന്നില്ല. ലൈബ്രറികള്‍ പിആര്‍ഡി സഹായകേന്ദ്രങ്ങളാവുന്നതോടെ അവ സമൂഹത്തിന്റെ താഴേത്തട്ടില്‍ എത്തിക്കാന്‍ അവസരമൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. വായനശാലകളില്‍ ഫിലിം ക്ലബ്ബുകള്‍ രൂപീകരിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം സംവിധായകന് ഷരീഫ് ഈസ നിര്‍വഹിച്ചു. സന്തോഷ് മണ്ടൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പ്രഭാവതി, കെ വി രാമകൃഷ്ണന്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ കെ പി അബ്ദുല്‍ ഖാദര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ലൈബ്രറികള്‍ ഹൈടെക്കാക്കുന്ന പദ്ധതിയുടെ ഭാഗമായി ടി വി രാജേഷ് എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 1.28 കോടി രൂപ ചെലവഴിച്ച് 106 വായനശാലകള്‍ക്ക് ലാപ്ടോപ്പ്, പ്രിന്റര്‍, പ്രോജക്ടര്‍, സ്ക്രീന്‍, സൗണ്ട് സിസ്റ്റം എന്നിവ വിതരണം ചെയ്തിരുന്നു. പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്തോടെ എല്ലാ വായനശാലകളെയും പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്.
ഷരീഫ് ഈസ, സന്തോഷ് മണ്ടൂര്‍ എന്നിവര്‍ക്ക് പി കരുണാകരന് എംപി ചടങ്ങില്‍ ഉപഹാരം നല്കി. സര്‍ക്കാരിന്റെ സഹായപദ്ധതികളെ കുറിച്ച് പിആര്‍ഡി തയ്യാറാക്കിയ പുസ്തകം ജില്ലാ കലക്ടര്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കൈമാറി.
- Log in to post comments