പൊന്ന്യത്ത് ചുഴലി കൊടുങ്കാറ്റ് അഭയകേന്ദ്രത്തിന് റവന്യൂ മന്ത്രി തറക്കല്ലിട്ടു സംസ്ഥാനത്ത് 17 കേന്ദ്രങ്ങള്‍ നിര്‍മിക്കും
ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതി (ചഇഞങജ) യുടെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്ര നിര്‍മാണങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം റവന്യൂ- ഭവനനിര്‍മ്മാണ- ദുരന്തനിവാരണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വഹിച്ചു. കതിരൂര്‍ വില്ലേജിലെ പൊന്ന്യം സ്രാമ്പിക്കടുത്തുള്ള പദ്ധതി പ്രദേശത്താണ് അഭയകേന്ദ്രത്തിന് തറക്കല്ലിട്ടത്.
ലോകബാങ്കിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചു ഏകദേശം 1000 ചതുരശ്രമീറ്ററില്‍ മൂന്നു നിലകളിലായി പണിയുന്ന ചുഴലിക്കാറ്റ് അഭയ കേന്ദ്രത്തില്‍ കുടിവെള്ള സൗകര്യം, ശൗചാലയങ്ങള്‍, പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ ദുരന്തങ്ങളാല്‍ കഷ്ടപ്പെടുന്ന തീരദേശവാസികള്‍ക്ക് ദുരന്തകാലത്ത് കഴിയുന്നതിനു വേണ്ടിയുള്ളതാണ് കേന്ദ്രം. ലോകബാങ്കിന്റെ സഹായത്തോടുകൂടിയാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് 167.48 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളില്‍ 17 ഇടങ്ങളിലായി അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി.
ദുരന്തകാലത്ത് അഭയകേന്ദ്രമായും അല്ലാത്ത സമയങ്ങളില്‍ പ്രദേശത്തെ മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവും വിധമാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ തുടര്പരിപാലനത്തിനു പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷന്‍ ആയ ഒരു അഭയകേന്ദ്ര പരിപാലനകമ്മിറ്റി രൂപവത്കരിക്കും.
എ എന്‍ ഷംസീര്‍ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, തലശ്ശേരി മുന്‍സിപ്പല്‍ ചെയര്മാന് സി കെ രമേശന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം ഷീബ (കതിരൂര്‍), എ കെ രമ്യ (എരഞ്ഞോളി), ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ടി ടി റംല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ സുഗീഷ്, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി സതി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി ലീല, പദ്ധതിയുടെ സംസ്ഥാന പ്രോജക്ട് മാനേജര്‍ ബി അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments