അംഗീകാരനിറവില്‍ കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത്: ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം നടത്തി
കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും ജനസേവന കേന്ദ്രം ഉദ്ഘാടനവും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പഞ്ചായത്ത് ഓഫീസില്‍ സദ്ഭരണം നടപ്പിലാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് സേവന പ്രദാനത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡമായ ഐഎസ്ഒ 9001-2015 കൈവരിക്കാന്‍ കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനള്ളില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെ മനുഷ്യവിഭവം, ഭൗതിക സൗകര്യം, പ്രവര്‍ത്തനോത്മുഖ അന്തരീക്ഷം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് നടപ്പിലാക്കിയത്. ജീവനക്കാരുടെ കൂട്ടായ്മയായി ക്വാളിറ്റി സര്‍ക്കിള്‍ രൂപീകരിക്കുകയും ഫയല്‍ സോര്‍ട്ടിംഗ് നടത്തി എല്ലാ രേഖകളും ഞൊടിയിടയില്‍ ലഭ്യമാക്കത്തക്കവിധത്തില്‍ റെക്കോര്‍ഡ് റൂം സജ്ജീകരിക്കുകയും ചെയ്തു. ജനാഭിലാഷം അറിയുന്നതിനായി പൗരസര്‍വ്വേ ഫോറം തയ്യാറാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇതിന് പുറമെ സേവന വിവരങ്ങള്‍, പരാതി പരിഹാര സംവിധാനം തുടങ്ങിയ വിവര ബോര്‍ഡുകളും ഫ്രണ്ട് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങര്‍ക്ക് നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനും അപേക്ഷകള്‍ തയ്യാറാക്കുന്നതിനുമായി ജനസേവന കേന്ദ്രവും പഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്.
കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ജയിംസ് മാത്യൂ എം എല്‍ എ അധ്യക്ഷത വഹിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്ത കുമാരി, ജില്ലാ പഞ്ചായത്ത് അംഗം കെ നാണു, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കുതിരയോടന്‍ രാജന്‍, പി പി റജി, ആര്‍ വി രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ പത്മനാഭന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് വിവി വിജയലക്ഷ്മി നന്ദിയും പറഞ്ഞു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഏറ്റവും മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള അവാര്‍ഡ് നേടിയ കോമക്കരി ക്ലസ്റ്ററിനുള്ള അനുമോദനവും, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അപ്പാരല്‍ പാര്‍ക്കിനുള്ള ധനസഹായ വിതരണവും ചടങ്ങില്‍ നടന്നു.
- Log in to post comments