Skip to main content

വിനോദത്തിലൂടെ പഠനം ലക്ഷ്യമിട്ട് ജില്ലാ ശിശുക്ഷേമ സമിതി

 

 

അവധിക്കാലത്ത് കുട്ടികള്‍ക്കായി ക്യാമ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതിയുടെ യോഗം തീരുമാനിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഫിലിം ക്യാമ്പുകള്‍, എസ്.റ്റി കുട്ടികളടക്കമുള്ളവര്‍ക്ക് സഹവാസക്യാമ്പുകള്‍ ഡി.റ്റി.പി.സിയുമായി സഹകരിച്ച് രാമക്കല്‍മേട്ടില്‍ ദ്വിദിന പരിപാടികള്‍, ജില്ലയുടെ വ്യത്യസ്തമേഖലകളില്‍  പരിശീലന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കാനാണ് തീരുമാനെടുത്തിരിക്കുന്നത്. വിനോദത്തോടൊപ്പം വിജ്ഞാനവും ലക്ഷ്യം വക്കുന്നതായിരിക്കും  ഓരോ ക്യാമ്പുകളും. ഗണിതം കേന്ദ്രീകരിച്ചുള്ള ക്ലാസും യോഗയുടെ അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കാന്‍ പരിശീലന പരിപാടികളും സമിതി സംഘടിപ്പിക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെ കീഴില്‍ ശിശു പരിചരണകേന്ദ്രവും തണല്‍ പ്രവര്‍ത്തനങ്ങളും ക്രഷ് പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. കൂടാതെ ഈ വര്‍ഷം നടത്തിയ എസ്.എസ്.എല്‍.സി ഉത്തേജന ക്ലാസുകള്‍ ഫലപ്രദമായതോടെ വരും വര്‍ഷങ്ങളില്‍ വിജയശതമാനം കുറഞ്ഞ സ്‌കൂളുകളില്‍ കൗണ്‍സിലിംഗും മറ്റു തുടര്‍ പരിപാടികളും സമിതിയുടെ നേതൃത്വത്തില്‍ നടത്തും. യോഗത്തില്‍ എ.ഡി.സി ജനറല്‍ റിച്ചുമോന്‍ കളരിക്കല്‍, എല്‍.എ ഡെപ്യൂട്ടി ഡയറക്ടര്‍ രാജു, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍. ജനര്‍ദ്ദനന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date