Skip to main content

ആശ്വാസത്തിന്റെ ആയിരം ദിനങ്ങള്‍-ജില്ലയില്‍ റവന്യൂ വകുപ്പ് 91.83 കോടി രൂപ ധനസഹായം നല്‍കി • വിതരണം ചെയ്തത് 16400 പട്ടയങ്ങള്‍

സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുമ്പോള്‍ റവന്യൂ വകുപ്പ് ജില്ലയില്‍ നല്‍കിയത് 91.83 കോടി രൂപയുടെ ധനസഹായം. പ്രളയ ദുരിതാശ്വാസ ധനസഹായം മാത്രമായി   91.36 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.
പ്രളയത്തെതുടര്‍ന്ന്  പൂര്‍ണ്ണമായും ഭാഗികമായും നാശനഷ്ടം സംഭവിച്ച വീടുകള്‍, കര്‍ഷകര്‍, ജീവഹാനി നേരിട്ടവര്‍ തുടങ്ങിയവര്‍ക്കാണ് പ്രളയ ദുരിതാശ്വാസമായി സര്‍ക്കാര്‍ 91.36 കോടി രൂപയുടെ ധനഹായം നല്‍കിയത്. ഭാഗികമായി നാശനഷ്ടം സംഭവിച്ച 4819 വീടുകളുടെ അപേക്ഷകര്‍ക്ക് 12,83,95000 രൂപയും പൂര്‍ണമായി നാശനഷ്ടം സംഭവിച്ച 268 വീടുകള്‍ക്ക് 3,23,47050 രൂപയും  സര്‍ക്കാര്‍ ധനസഹായം നല്‍കി. പ്രളയ ദുരിതാശ്വാസമായി അനുവദിച്ച 10000 രൂപയുടെ സഹായം 39970 പേര്‍ക്കാണ് ജില്ലയില്‍ നല്‍കിയത്. കൃഷി നാശം നേരിട്ട 32294 കര്‍ഷകര്‍ക്ക് 8,53,97875 രൂപയുടെ ധനസഹായവും നല്‍കി. പ്രളയത്തില്‍ ജീവഹാനി നേരിട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നാല് ലക്ഷം രൂപയുടെ ധനസഹായം 43 പേര്‍ക്കായി 172 ലക്ഷം രൂപയും ജില്ലയില്‍ നല്‍കി കഴിഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നായി 16601 ഗുണഭോക്താക്കള്‍ക്കായി ലഭിച്ച 25,05,99,138 രൂപയുടെ ധന സഹായവും വിതരണം ചെയ്തു. ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി 32,45,000 രൂപയും നിപ ബാധിതര്‍ക്കായി 15,00,000 രൂപയുമാണ് സഹായധനമായി സര്‍ക്കാര്‍ ആയിരം ദിനത്തിനിടെ നല്‍കിയത്.
കൂടാതെ സര്‍ക്കാര്‍  ആയിരം ദിനം പിന്നിടുമ്പോള്‍  ജില്ലയില്‍ കഴിഞ്ഞ മാസം വരെ റവന്യുവകുപ്പ് 16400 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഡിസംബറില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ 4463 പട്ടയങ്ങളും ആയിരം ദിനാഘോഷ വേളയില്‍ തിരൂര്‍ സാംസ്‌കാരികസമുച്ചയത്തില്‍ നടന്ന പട്ടയമേളയില്‍ 200 പേര്‍ക്കുമാണ് പുതിയതായി പട്ടയംവിതരണം ചെയ്തത്. പട്ടയവിതരണവും പ്രളയ ദുരിതാശ്വാസ തുക വിതരണവുമുള്‍പ്പടെ സമയബന്ധിതതമായി നടപ്പാക്കിയാണ് റവന്യു വകുപ്പ് ആയിരം ദിനങ്ങളില്‍ ശ്രദ്ധേയമായത്.
ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ആധുനിക സൗകര്യങ്ങളോടെ വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സുകളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ അനുവദിച്ച അഞ്ച് വില്ലേജുകളില്‍ ഏറനാട് താലൂക്കിലെ വെറ്റിലപ്പാറയിലെയും കീഴുപറമ്പിലേയും വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സുകളുടെ ഉദ്ഘാടനം റവന്യു-ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫെബ്രുവരി 20 ന് നിര്‍വ്വഹിച്ചു. ഇതോടെ ജില്ലയിലെ ഒന്നാമത്തെ വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സായി വെറ്റിലപ്പാറയും രണ്ടാമത്തെതായി കീഴുപറമ്പ് വില്ലേജ് ഓഫീസും ചരിത്രത്തില്‍ ഇടം നേടി.

 

date