Skip to main content

തെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ചെയ്ത് വിദ്യാര്‍ഥികള്‍: സംശയങ്ങള്‍ ദുരീകരിച്ച് ഉദ്യോഗസ്ഥര്‍

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ച് കന്നി വോട്ടര്‍മാര്‍. ജില്ലാ ഭരണകൂടം, മലപ്പുറം കോളേജിലെ എന്‍എസ്എസ്, എന്‍സിസി, പൊളിറ്റിക്കല്‍ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയിലാണ് വിദ്യാര്‍ഥികള്‍ക്ക് വോട്ടിങ് മെഷീനെ കുറിച്ച് അറിയാനും വോട്ട് ചെയ്യാനും അവസരം ലഭിച്ചത്. വി.വി പാറ്റ് സംവിധാനത്തെ കുറിച്ചും വോട്ട് ചെയ്യേണ്ട രീതി സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ച് നല്‍കി. ഇലക്ട്രോണിക് വോട്ടിങ് മെഷിന്റെ സുതാര്യത സംബന്ധിച്ചും കൃത്യത സംബന്ധിച്ചുമുള്ള വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ചേര്‍ക്കുന്നതിനും പരിപാടിയില്‍ അവസര മൊരുക്കിയിരുന്നു.
ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥിനികള്‍ നടത്തിയ പിങ്ക് റാലി ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. അസി. കലക്ടര്‍ വികല്‍പ് ഭരദ്വജ് മുഖ്യാതിഥിയായി.. മുണ്ടുപറമ്പ് ബൈപ്പാസില്‍ നിന്നും ആരംഭിച്ച റാലി കോളേജില്‍ സമീപിച്ചു.  തുടര്‍ന്ന് നടന്ന ബോധവത്കരണ പരിപാടി ഡെപ്യൂട്ടി കലക്ടര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെഎസ് മായ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി സുലൈമാന്‍, പൊളിറ്റിക്കല്‍ ക്ലബ്ബ് കണ്‍വീനര്‍ ഡോ. എസ് ഗോപു, എന്‍എസ്എസ് ഓഫീസര്‍ മൊയ്തീന്‍കുട്ടി കല്ലറ, എന്‍സിസി ഓഫീസര്‍ ടിഎച്ച് ജാഫറലി, വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധി എംപി സിഫ്‌വ, എന്‍എസ്എസ് വളന്റിയര്‍ പി അംന, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ സഹല്‍ പറവത്ത്, വൈശാഖ്, അര്‍ഷദ് എന്നിവര്‍ സംസാരിച്ചു.

 

date