Skip to main content

വെസ്റ്റ് നൈല്‍; കേന്ദ്ര സംഘം പരിശോധന നടത്തി

വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സംഘം എ ആര്‍ നഗറില്‍ പരിശോധിച്ചു. രാവിലെ മലപ്പുറത്തെത്തിയ സംഘം ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ചര്‍ച്ച നടത്തിയതിന് ശേഷം രോഗം ബാധിച്ച കുട്ടിയ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ വീട്ടിലും പരിസരത്തും സന്ദര്‍ശിക്കുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തു. കുട്ടിയുടെ മാതാവിന്റെ വീട്ടിലും സംഘം സന്ദര്‍ശനം നടത്തി.
വീടും പരിസരവും സന്ദര്‍ശിക്കുകയും സാംപിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളില്‍ നിന്നുമാണ് രോഗം പടരുന്നതിനെന്നതിനാല്‍ പക്ഷികളില്‍ നിന്നും വളര്‍ത്ത് മൃഗങ്ങളില്‍ നിന്നുമാണ് സാംപിളുകള്‍ ശേഖരിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരം കേന്ദ്ര സാംക്രമിക രോഗ നിയന്ത്രണ കേന്ദ്രം തലവന്‍ ഡോ. രുചി ജയ്ന്‍, എന്റമോളജിസ്റ്റ് ഡോ. ഇ രാജേന്ദ്രന്‍, ഡോ. രഘു എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. ഡോ. ബിനോയ് വാസു, ഡോ. സുനീത് കൗര്‍ എന്നിവര്‍ ഇന്ന് (മാര്‍ച്ച് 16) സന്ദര്‍ശനം നടത്തുന്നുണ്ട്.
കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക : ഡിഎംഒ
ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ രോഗം പടര്‍ത്തുന്നത്. കൊതുകിനെ നിയന്ത്രിക്കുകയല്ലാതെ രോഗത്തെ പ്രതിരോധിക്കാന്‍ മറ്റു വഴികളില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മലിന ജലത്തിലാണ് ക്യൂലക്സ് കൊതുകുകള്‍ കാണപ്പെടുന്നത്.
 കൊതുകുകള്‍ വളരുന്നതിനുള്ള സാഹചര്യം എല്ലാവരും ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
കൊതുകുകളുടെ ലാര്‍വ നശിപ്പിക്കുന്നതിനായി ജല സ്രോതസ്സുകളില്‍ ഗപ്പികളെ വളര്‍ത്തുക. കിണര്‍ നെറ്റ് ഉപയോഗിച്ച് മൂടണം കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡിഎംഒ പറഞ്ഞു.

 

date