പത്രിക സമര്‍പ്പണം വ്യാഴാഴ്ച തുടങ്ങും: കലക്ട്രേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക ഈ മാസം 28 മുതല്‍ സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് സമയം. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി ഏപ്രില്‍ നാലിനും സൂക്ഷ്മ പരിശോധന അഞ്ചിനുമാണ്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. വരണാധികാരിയായ ജില്ല കലക്ടര്‍ക്കാണ് പത്രിക നല്‍കേണ്ടത്. സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 5 പേര്‍ക്ക് മാത്രമേ പത്രിക സമര്‍പ്പണത്തിന് എത്താനാകൂവെന്ന് ജില്ലയിലെ രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ സാമ്പശിവ റാവു അറിയിച്ചു.
സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതലുള്ള പ്രചാരണ ചെലവ് നിരീക്ഷണ വിധേയമാക്കും. ഇതിനായി സ്ഥാനാര്‍ത്ഥി പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം. സ്ഥാനാര്‍ത്ഥിയുടെ പേരിലോ, സ്ഥാനാര്‍ത്ഥി, ഏജന്റ് എന്നിവരുടെ പേരില്‍ ജോയിന്റ് ആയോ അക്കൗണ്ട് തുടങ്ങാം. പ്രചാരണ ബോര്‍ഡുകളും ബാനറുകളും അനൗണ്‍സ്മെന്റുകളും വഴിയും മറ്റ് മാര്‍ഗ്ഗങ്ങള്‍ വഴിയും നടക്കുന്ന പ്രചാരണത്തിന്റെ ചെലവ് കണക്കാക്കി സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടില്‍ വകകൊള്ളിക്കും. ഇലക്ട്രോണിക്സ് മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അച്ചടിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവയില്‍ പ്രസിന്റെയും പ്രിന്ററുടെയും പബ്ലിഷറുടെയും പേര്, എണ്ണം എന്നിവ വ്യക്തമാക്കണം. ഒപ്പം പോസ്റ്റര്‍ കോപ്പി, സത്യവാങ്മൂലം എന്നിവ ഹാജരാക്കണം. ക്രിമിനല്‍ കേസുള്ളവര്‍ അത് സ്വന്തം പാര്‍ട്ടിയെ അറിയിച്ചിട്ടുള്ളതാണെന്ന സത്യവാങ്മൂലം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വ്യക്തിപരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യരുത്. തെളിയിക്കപ്പെടാത്ത ആരോപണങ്ങളും ദുര്‍വ്യാഖ്യാനങ്ങളും ഉണ്ടാകരുത്. ഒപ്പം ജാതി, മത, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടാകരുത്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.
പ്രചാരണത്തിന് പുറപ്പെടുന്ന സ്ഥലം, സമയം, അവസാനിക്കുന്ന സ്ഥലം, പര്യടനം നടത്തുന്ന വഴി എന്നിവ മുന്‍കൂട്ടി പോലീസിനെ അറിയിക്കണം. ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തില്‍ ജാഥ നടത്താന്‍ പാടില്ല. പെര്‍മിറ്റില്ലാതെ വാഹനം പ്രചരണത്തിന് ഉപയോഗിക്കരുത്. മൈക്ക് സെറ്റ് ഉപയോഗത്തിന് പോലീസും വാഹനത്തിന് റിട്ടേണിംഗ് ഓഫീസറുമാണ് പെര്‍മിറ്റ് നല്‍കുക. പെര്‍മിറ്റ് എടുത്ത ശേഷം വാഹനങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദു ചെയ്യുന്നതിന് ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
രണ്ട് വ്യത്യസ്ത പാര്‍ട്ടികള്‍ ഒരേ റൂട്ടില്‍ ഒരേ സമയം പ്രചാരണ ജാഥ നടത്തുകയാണെങ്കില്‍ ആദ്യം അപേക്ഷ നല്‍കുന്നവര്‍ക്കാണ് അനുമതി നല്‍കുക. പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് വെവ്വേറെ സ്ഥലങ്ങളില്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും സമാധാന പൂര്‍ണമായ തെരഞ്ഞടുപ്പിന് മുഴുവനാളുകളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും കലക്ടര്‍ പറഞ്ഞു.
കലക്ട്രേറ്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ഇ.പി മേഴ്സി, ഫിനാന്‍സ് ഓഫീസര്‍ എം.കെ രാജന്‍, ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്, ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments