ലോക്സഭാ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം നാളെ (മാര്‍ച്ച് 28) മുതല്‍
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നാളെ (മാര്‍ച്ച് 28) ആരംഭിക്കും. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് ഏപ്രില്‍ നാലു വരെ പത്രികകള്‍ നല്‍കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ തീയതിയില്‍ 25 വയസാണ് സ്ഥാനാര്‍ഥികളുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി. നിലവിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുകയും വേണം. ഏതെങ്കിലും കുറ്റകൃത്യത്തിന് രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടവരും തടവുശിക്ഷയ്ക്കിടെ ജാമ്യത്തിലിറങ്ങിയവരും മത്സരിക്കാന്‍ യോഗ്യരല്ല.
ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തണം
നാമനിര്‍ദേശ പത്രിക നല്‍കുന്നവരുടെ പേരില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ കേസുകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്കു മുന്‍പ് മൂന്ന് തവണ പത്രങ്ങളിലും ചാനലുകളിലും പരസ്യപ്പെടുത്തണം. പരസ്യപ്പെടുത്തിയതു സംബന്ധിച്ച സത്യവാങ്മൂലം സൂക്ഷ്മപരിശോധനയ്ക്കു മുന്‍പ് നല്‍കാത്തവരുടെ നാമനിര്‍ദേശപത്രിക നിരസിക്കപ്പെടുന്നതാണ്.
സെക്യൂരിറ്റി തുക 25000 രൂപ
എല്ലാ സ്ഥാനാര്‍ഥികളും സെക്യൂരിറ്റി തുകയായി 25000 രൂപ നല്‍കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 12500 രൂപയാണ് സെക്യൂരിറ്റി തുക. ആകെ പോള്‍ ചെയ്യുന്ന സാധുവായ വോട്ടുകളുടെ ആറിലൊന്നിലേറെ വോട്ടുകള്‍ നേടാന്‍ കഴിയാത്തവര്‍ക്ക് സെക്യൂരിറ്റി തുക നഷ്ടമാകും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍
അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ പതിനൊന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനുമിടയ്ക്കാണ് പത്രികകള്‍ സ്വീകരിക്കുക.
ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഒരു നിര്‍ദേശകന്‍ മതിയാകും. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും പത്ത് നിര്‍ദേശകര്‍ ഉണ്ടായിരിക്കണം.
ഒരു സ്ഥാനാര്‍ഥിക്ക് നാലു നാമനിര്‍ദേശ പത്രികകള്‍ നല്‍കാം. സ്ഥാനാര്‍ഥിക്കൊപ്പം നാലുപേര്‍ക്കു മാത്രമെ വരണാധികാരിയുടെ കാര്യാലയത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളു. സ്ഥാനാര്‍ഥിക്കോ നിര്‍ദ്ദേശകനോ പത്രിക സമര്‍പ്പിക്കാം.
പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് വരണാധികാരിയുടെ കാര്യാലയത്തിന്‍റെ നൂറ് മീറ്റര്‍ പരിധി വരെ സ്ഥാനാര്‍ഥിയുടെയും ഒപ്പമുള്ളവരുടെയുമായി മൂന്നു വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ.
പത്രിക സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥി ഫോം 26ലുള്ള സത്യവാങ്മൂലം, വോട്ടര്‍ പട്ടികയിലെ സ്ഥാനക്രമം സംബന്ധിച്ച സാക്ഷ്യപത്രം, രാഷ്ട്രീയകക്ഷി സ്ഥാനാര്‍ഥിയെങ്കില്‍ ഫോം എയും ബിയും, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗക്കാരെങ്കില്‍), സെക്യൂരിറ്റി തുകയുടെ രേഖ, പ്രതിജ്ഞ എന്നിവ ഹാജരാക്കണം. നാമനിര്‍ദേശപത്രികയ്ക്കൊപ്പം മൂന്നു മാസത്തിനുള്ളില്‍ എടുത്ത രണ്ടര സെന്‍റീ മീറ്റര്‍ ഉയരവും രണ്ട് സെന്‍റീമീറ്റര്‍ വീതിയുമുളള നാല് ഫോട്ടോകളും ഉണ്ടാകണം. ഫോട്ടോകളുടെ പിന്നില്‍ സ്ഥാനാര്‍ത്ഥി ഒപ്പുവച്ചിരിക്കണം.
തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പ്രത്യേക അക്കൗണ്ട് വേണം
തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുമാത്രമായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുക ചെലവഴിക്കുന്നത് ഈ അക്കൗണ്ട് വഴിയാകണം. നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാന്‍ പാടില്ല. ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് ചെലവിനായി പ്രത്യേക അക്കൗണ്ട് തുറക്കാത്തപക്ഷം നടപടി സ്വീകരിക്കുന്നതാണ്.
പത്രിക സമര്‍പ്പണം ക്യാമറ നിരീക്ഷണത്തില്‍
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വീഡിയോയില്‍ പകര്‍ത്തും. പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസം ഉച്ചകഴിഞ്ഞു രണ്ടിനു ശേഷമുള്ള മുഴുവന്‍ നടപടികളും പൂര്‍ണമായും ചിത്രീകരിക്കും.
അതത് ദിവസത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ വിവരങ്ങള്‍ വരണാധികാരിയുടെ ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
(കെ.ഐ.ഒ.പി.ആര്‍ 539/19)
സ്വകാര്യ ഭൂമിയില്‍ പ്രചാരണ സാമഗ്രികള്‍
പതിക്കുന്നതിന് മുന്‍കൂര്‍ അനുമതി നേടണം
സര്‍ക്കാര്‍ ഓഫീസുകളിലും പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ കട്ടൗട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയ പ്രചരണസാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കമ്മീഷന്‍ അനുശാസിക്കുന്നു.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ താല്ക്കാലിക പ്രചാരണസാമഗ്രികള്‍ ഉടമസ്ഥന്‍റെ സ്വതന്ത്രാനുമതിയോടു കൂടി പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥലം ഉടമയുടെ രേഖാമൂലമുള്ള അനുമതിയുടെ പകര്‍പ്പ് മൂന്ന് ദിവസത്തിനകം അതത് വില്ലേജ് ഓഫീസര്‍മാര്‍ മുഖേന ജില്ലാ വരാണാധികാരിക്ക് നല്‍കണം. അനുമതിപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഡീഫേസ്മെന്‍റ് സ്ക്വാഡ് ഇവ നീക്കം ചെയ്യുന്നതാണ്.
മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കും കോടതി ഉത്തരവുകള്‍ക്കും വിധേയമായി സ്വകാര്യവാഹനങ്ങളില്‍ പ്രചാരണത്തിനുള്ള കൊടികള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയ ഉടമകള്‍ക്ക് പതിക്കാവുന്നതാണ്. എന്നാല്‍ മറ്റ് വാഹനയാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതരത്തിലാവരുത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയോടു കൂടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നവ ഒഴികെയുള്ള വാണിജ്യവാഹനങ്ങളില്‍ പ്രചാരണസാമഗ്രികള്‍ പ്രദര്‍ശിപ്പിക്കരുത്.
സ്ഥാനാര്‍ത്ഥിയുടെ ഉപയോഗത്തിനായി അനുവദിക്കുന്ന വാഹനം മറ്റുള്ളവര്‍ ഉപയോഗിക്കുവാന്‍ പാടില്ല. പ്രസാധകന്‍റെ പേരും വിലാസവും ഇല്ലാത്ത ലഘുലേഖകളും മറ്റ് അച്ചടിമാധ്യമങ്ങളും പ്രചാരണത്തിന് ഉപയോഗിക്കുവാന്‍ പാടില്ല. പ്രചാരണത്തിനായുള്ള ലൗഡ്സ്പീക്കറുകളും അനുബന്ധ ഉപകരണങ്ങളും രാത്രി 10 നും രാവിലെ ആറിനുമിടയ്ക്ക് ഉപയോഗിക്കുവാന്‍ പാടില്ല.
- Log in to post comments