Skip to main content

വോട്ട് അഭ്യര്‍ത്ഥിച്ച് കലക്ടര്‍- തെരഞ്ഞെടുപ്പ് ബോധവത്കരണ വീഡിയോ പുറത്തിറങ്ങി

 

സമ്മതിദാനം നമ്മുടെ  അവകാശമാണെന്ന സന്ദേശവുമായി ജില്ലാകലക്ടര്‍ അമിത് മീണ വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് ബോധവത്കരണ വീഡിയോ  പുറത്തിറങ്ങി. സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഒരു മിനിറ്റും 40 സെക്കന്‍ന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. കരുത്തുറ്റ ജനാധിപത്യ സംവിധാനം പടത്തുയര്‍ത്തുന്നതിനായി  ജനങ്ങളുടെ സമ്മതിദാനവകാശം നിര്‍ബന്ധമായും  ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വിനിയോഗിക്കണം എന്ന അഭ്യര്‍ത്ഥനയോടുകൂടിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ലയില്‍ എല്ലാവരും അവരുടെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുകയാണെങ്കില്‍ ലോകസഭാ തെരഞ്ഞെടുപ്പ് ഇത്തവണ ചരിത്രമായിരിക്കുമെന്നും വീഡിയോ പരമാര്‍ശിക്കുന്നു. വി.വി പാറ്റ് മെഷീന്‍ ഉള്‍പ്പെടുത്തിയുള്ള ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആര്‍ക്ക്   വോട്ട് രേഖപ്പെടുത്തിയെന്ന കാര്യം അറിയാന്‍ കഴിയുമെന്ന് വീഡിയോ വഴി കലക്ടര്‍ ഓര്‍മ്മപ്പെടുത്തി. ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജില്ലയിലെ പോളിങ് ശതമാനം വളരെ കുറവായ സാഹചര്യത്തിലാണ് സ്വീപ്പിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു വീഡിയോ പുറത്തിറക്കിയത്.

ഏപ്രില്‍ 23 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പങ്കാളിത്തം പരമാവധി ഉറപ്പുവരുത്തുന്നതിനായി  സ്വീപിന്റെ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. വോട്ടിങ് പ്രക്രിയയില്‍ യുവാക്കളെ പരമാവധി ഉള്‍ക്കൊള്ളിക്കുന്നതിനായി പിങ്ക് റാലിയും തിരഞ്ഞെടുത്ത 86 കോളജുകളില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ് രൂപീകരിക്കുകയും  ചെയ്തു. വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ട് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച വുമണ്‍ ബൈക്ക് റാലിയും ശ്രദ്ധേയമായിരുന്നു. ജില്ലയിലെ പ്രധാന ആദിവാസി കേന്ദ്രമായ നിലമ്പൂരില്‍  കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പയനിങും സ്വീപ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. കൂടാതെ മലപ്പുറം കോട്ടക്കുന്നിലും മറ്റ് മണ്ഡലങ്ങളിലും നടത്തിയ സിഗനേച്ചര്‍ ക്യാമ്പയിനിങുകള്‍ സ്വീപ് ബോധവത്കരണത്തിന്റെ വേറിട്ട പ്രചരണ രീതിയായി മാറി.

 

date