Skip to main content

ചേലേമ്പ്രയിലെ മഞ്ഞപ്പിത്ത ബാധ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ് നിയന്ത്രണവിധേയമാക്കിയെന്ന് പഞ്ചായത്ത് അധികൃതര്‍

ചേലേമ്പ്ര പഞ്ചായത്തിലെ എളന്നുമ്മലില്‍ മഞ്ഞപ്പിത്ത ബാധയുണ്ടായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചും ജനങ്ങള്‍ക്കിടയില്‍ ശുചിത്വബോധവത്ക്കരണം ശക്തമാക്കിയുമാണ് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം. ഇതിനിടെ ചേലേമ്പ്ര പഞ്ചായത്തും മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. രോഗം നിയന്ത്രണ വിധേയമാക്കാനായിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് പറഞ്ഞു.
എച്ച്.എം.സി യോഗ തീരുമാനപ്രകാരം പള്ളികള്‍, മദ്‌റസകള്‍, ക്ഷേത്രങ്ങള്‍ മറ്റു പൊതു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. മഞ്ഞപ്പിത്തബാധ കണ്ടെത്തിയ പ്രദേശത്തെ മുഴുവന്‍ വീടുകളിലെ കിണറുകളിലും ക്ലോറിനേഷനും തുടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
ചേലേമ്പ്ര എളന്നുമ്മല്‍ പ്രദേശത്ത്  15 ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്ന് പ്രതിരോധ നടപടികള്‍ തുടങ്ങിയിരിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലും മലിനജലം ഉപയോഗിച്ചും ശീതളപാനീയങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നത് തടയാന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. ഇക്കാര്യങ്ങളില്‍ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വേനല്‍ക്കാലമായതിനാല്‍ ശുചിത്വമുള്ള വെള്ളത്തിന്റെ ലഭ്യത കുറവായതിനാല്‍ ശീതളപാനീയങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീന അറിയിച്ചു.

 

date