ലഹരിക്കെതിരെ സ്പെഷ്യല്‍ ഡ്രൈവുമായി എക്സൈസ് വകുപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിയമവിരുദ്ധമായ ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിന് എക്സൈസ് വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം.ജെ ജോസഫ് അറിയിച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഇടുക്കി ഡിവിഷനില്‍ 73 എന്‍.ഡി.പി.എസ് കേസുകളിലായി 12.87 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 14 കഞ്ചാവ് ചെടികളും കണ്ടെത്തി. 218 കോട്പാ കേസുകളിലായി 196.17 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, 17.5 ലിറ്റര്‍ ചാരായവും, 740 ലിറ്റര്‍ കോട, 24 ലിറ്റര്‍ വ്യാജമദ്യം, 11.9 ലിറ്റര്‍ സ്പിരിറ്റ്, 2 കിലോ ഗ്രാം ഹാന്‍സ്, 100 കിലോ ഗ്രാം പുകയില ഉത്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. 165 പ്രതികളെ അറസ്റ്റു ചെയ്തു. 26 വാഹനങ്ങള്‍ പിടിച്ചെടുത്തു. 777 കള്ളുഷാപ്പുകളില്‍ പരിശോധന നടത്തി 182 കള്ള് സാമ്പിളുകളും ശേഖരിച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, ആദിവാസി കോളനികള്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ച് ബോധവത്കരണ പരിപാടികളും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം തടയുന്നതിനുവേണ്ടി സ്‌കൂള്‍ പരിസരങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നതായും കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനകീയ കമ്മിറ്റിയില്‍ ഡെപ്യൂട്ടി എക്്സൈസ് കമ്മീഷണര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റിയില്‍ എ.ഡി.എം അനില്‍ ഉമ്മന്‍, ഇടുക്കി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ സുധീര്‍, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ടി.ബി വിജയന്‍, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സജി, ജോബിന്‍ കെ.ബി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments