മംഗളദേവി ചിത്രപൗര്‍ണമി അവലോകനയോഗം ചേര്‍ന്നു
ഏപ്രില്‍ 19ലെ മംഗളദേവി ചിത്രപൗര്‍ണമി ഉത്സവം സുഗമമായി നടത്തുന്നതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ട്രേറ്റില്‍ ഉദ്യോസ്ഥരുടെ യോഗം ചേര്‍ന്നു. ജില്ലാകളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉത്സവ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കും. ചിത്ര പൗര്‍ണമി ദിവസം രാവിലെ 6 മണി മുതല്‍ വൈകിട്ട് 3 മണിവരെയാണ് ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്തിവിടുക. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമം നിലനില്‍ക്കുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ് പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കും.
ശുദ്ധജല വിതരണം, വൈദ്യശുശ്രൂഷയ്ക്ക് മെഡിക്കല്‍ സംഘം, ആംബുലന്‍സ് സൗകര്യം , ഭക്തരുടെ സുരക്ഷക്കായി ബാരിക്കേഡ് സൈന്‍ബോര്‍ഡുകള്‍, ഇ ടോയിലറ്റ് തുടങ്ങിയവ ഒരുക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആര്‍ ഡി ഒ യുടെ പരിശോധനക്കുശേഷം പാസ് ലഭിക്കുന്ന വാഹനങ്ങള്‍ക്കുമാത്രമാണ് ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുമായി സര്‍വ്വീസ് നടത്താന്‍ സാധിക്കൂ. ഭക്തരില്‍ നിന്നും അനാവശ്യമായി പണം പിരിക്കുന്നതടക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാല്‍, എ ഡി എം അനില്‍ ഉമ്മന്‍, ആര്‍ ഡി ഒ എം പി വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments