Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പ്:

പത്രിക സമര്‍പ്പണം നാളെ(മാര്‍ച്ച് 28) മുതല്‍

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നാളെ(മാര്‍ച്ച് 28) മുതല്‍ സ്വീകരിക്കും. ഏപ്രില്‍ നാലാണ് അവസാന തീയതി. പത്രിക സമര്‍പ്പണ സമയത്ത് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ പ്രവേശനമുള്ളൂ. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെ റിട്ടേണിംഗ് ഓഫീസറായ ജില്ലാ കലക്ടറുടെ ഓഫീസില്‍ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പണ സമയത്ത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസ് സ്ഥിതിചെയ്യുന്നതിന് 100 മീറ്ററിനുള്ളില്‍ സ്ഥാനാര്‍ഥിയോടൊപ്പം മൂന്ന് വാഹനങ്ങള്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ട് വരെ പത്രിക പിന്‍വലിക്കാവുന്നതാണ്.

സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് നടത്തുന്നതിനുമാത്രമായി പത്രികാ സമര്‍പ്പണത്തിന് മുമ്പ് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അറിയിച്ചു. ദേശസാല്‍കൃത ബാങ്കിലോ സഹകരണ ബാങ്കിലോ പോസ്റ്റോഫീസിലോ സ്ഥാനാര്‍ഥിയുടെ സ്വന്തംപേരിലോ സ്ഥാനാര്‍ഥിയുടേയും ഇലക്ഷന്‍ ഏജന്റിന്റേയും ജോയന്റ് അക്കൗണ്ടായോ അക്കൗണ്ട് തുടങ്ങാവുന്നതാണ്. പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും അക്കൗണ്ട് ആരംഭിച്ചിരിക്കണം. തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ വരവു ചെലവുകളും ഈ അക്കൗണ്ടിലൂടെ മാത്രമേ നിര്‍വഹിക്കാവൂ. 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകളും അക്കൗണ്ട് വഴി മാത്രമായിരിക്കണം. ക്രോസ്ഡ് അക്കൗണ്ട് പെയീചെക്ക,് ഡിമാന്റ് ഡ്രാഫ്റ്റ്, ആര്‍.ടി.ജി.എസ്, നെഫ്റ്റ് എന്നിവ മുഖേന മാത്രമേ ഇടപാട് നടത്താവൂയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

ഉച്ഛഭാഷിണി പ്രചാരണത്തിന് കര്‍ശന വ്യവസ്ഥകള്‍

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക്  പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണിവരെയുള്ള സമയങ്ങില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. നിരോധിത സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന പക്ഷം അവ കണ്ടുകെട്ടും. 

ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അധികൃതരില്‍ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം ഉച്ചഭാഷിണിയുള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതായിരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍, ലോക്കല്‍ പോലീസ് എന്നിവരെ പെര്‍മിറ്റിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖാമൂലം അറിയിക്കേണ്ടതാണ്. 

നിയമം ലംഘിക്കാതെയാണ് അവ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് ലോക്കല്‍ പോലീസാണ്. തെരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമേ  ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടുള്ളു. പോളിംഗ് അവസാനിച്ചതിന് ശേഷം ഫലപ്രഖ്യാപനം വരെ ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും പാലിക്കണം. നിയമ പ്രകാരം അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ശബ്ദം ഉച്ചഭാഷിണികളിലൂടെ ഉപയോഗിക്കാന്‍ പാടുള്ളതല്ല.  ഇത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കുന്നതാണ്.

 

വോട്ട് ചെയ്യാന്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യം: 

18 വരെ അപേക്ഷിക്കാം

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് പോളിംഗ് സ്റ്റേഷനുകളിലെത്താന്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യമൊരുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ഈ സംവിധാനം. വാഹന സൗകര്യമാവശ്യമുള്ള ഭിന്നശേഷിക്കാര്‍ അതത് വില്ലേജ് ഓഫീസുകളില്‍ ഫോണ്‍ മുഖാന്തിരം ഏപ്രില്‍ 18 വരെ രജിസ്റ്റര്‍ ചെയ്യേണ്ടത്.  ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ംല മൃല സമിിൗൃ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. 

ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പേര്, വിലാസം, ഫോണ്‍ നമ്പര്‍, പോളിംഗ് സ്റ്റേഷന്‍, വാഹനം എത്തേണ്ട സ്ഥലം എന്നിവ രജിസ്ട്രേഷന്‍ സമയത്ത് അറിയിക്കേണ്ടതാണ്. ഭിന്നശേഷിക്കാരായ സമ്മതിദായകര്‍ അറിയിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അവരെ വാഹനത്തില്‍ പോളിംഗ് സ്റ്റഷനുകളിലെത്തിക്കുകയും വോട്ട് ചെയ്തതിന് ശേഷം ഇതേ സ്ഥലത്ത് തിരിച്ചെത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് വാഹനം സൗകര്യം ഏര്‍പ്പെടുത്തുക. 

ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം ഏപ്രില്‍ ഒന്നിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, അഖില കേരള വികലാംഗ അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

 

റേഷന്‍ കാര്‍ഡ് വിതരണം

പുതിയ റേഷന്‍ കാര്‍ഡിന് വേണ്ടി കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നടന്ന ക്യാമ്പില്‍ അപേക്ഷ നല്‍കിയവര്‍ക്ക് (ഓണ്‍ലൈന്‍ അക്ഷയ അപേക്ഷകള്‍ ഒഴികെ) പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. ടോക്കണ്‍ നമ്പര്‍ 5001 മുതല്‍ 5425 വരെയുളള  അപേക്ഷകര്‍ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവില്‍ പേരുകള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും കാര്‍ഡിന്റെ വിലയും സഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.  അന്നേ ദിവസം റേഷന്‍ കാര്‍ഡ് സംബന്ധിച്ച മറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

 

വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊളന്ത, എസ് ഇ എസ് കോളേജ്, കോട്ടൂര്‍, തുമ്പേലി, മടമ്പം, മലയോര മില്‍മ, വഞ്ഞൂര്‍, അലക്‌സ് നഗര്‍, 56, ചെക്കോട്, ഐച്ചേരി, കൂട്ടുംമുഖം, കാവുമ്പായി, വേളായി, പൊടിക്കളം, പഴയങ്ങാടി, എംഎം കോംപ്ലക്‌സ്, നെടിയങ്ങ, ചേപ്പറമ്പ്, കാട്ടൂര്‍ വയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. 

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറാംകോട്ടം അമ്പലം, ആറ്റടപ്പ, ആറ്റടപ്പ ഡിസ്‌പെന്‍സറി, ആറ്റടപ്പ സ്‌കൂള്‍, നോനിയന്‍ കാവ് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ 7.30 മുതല്‍ രണ്ട് മണിവരെ വൈദ്യുതി മുടങ്ങും. 

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുളം, ചാല് വയല്‍, രാമതെരു, രാമതെരു ഒന്ന്, രാമതെരു രണ്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(മാര്‍ച്ച് 28) രാവിലെ 8.30 മുതല്‍ 11.30 വരെയും  പനങ്കാവ്, പനങ്കാവ് കുളം, പടിഞ്ഞാറെമൊട്ട, ശങ്കരന്‍ കട, വനജ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി  വരെയും വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലപ്പട്ടം മുനമ്പ്കടവ്, കോവുംതല, പടപ്പക്കരി, അടിച്ചേരി, അരീച്ചാല്‍, മലപ്പട്ടം സെന്റര്‍, കുപ്പം, മലപ്പട്ടം വയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ ഒമ്പത്  മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടേആര്‍, മലപ്പട്ടം റോഡ്, ഒമ്പതാം മൈല്‍, പാവന്നൂര്‍ മൊട്ട, പാവന്നൂര്‍ കടവ് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളുവയല്‍, വെള്ളുവയല്‍ മരമില്ല്, പാലോട്ടുമൂല, ചട്ടുകപ്പാറ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബീച്ച് റോഡ്, താഹപള്ളി, രിഫായിപള്ളി, നീരൊഴുക്കുംചാല്‍, കക്കാടഞ്ചാല്‍, അബ്ബാസ് പീടിക എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

 

ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

2019 ജൂണില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്-സെമസ്റ്റര്‍ നാല് (റഗുലര്‍) പരീക്ഷയില്‍ പങ്കെടുക്കുന്നതിന് വ്യവസായ തൊഴിലാളികള്‍, എസ്സിവിടി പരീക്ഷ പാസ്സായവര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ നാലിന് മൂന്ന് മണിക്ക് മുമ്പായി കണ്ണൂര്‍ ഗവ.ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍:0497 2835183.

 

സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല

വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടാകുന്നതല്ല. ഠഋഞങട സോഫ്റ്റ്‌വെയറില്‍ ഇനിയും പ്രൊഫൈല്‍ വിവരങ്ങള്‍, ഓപ്പണിങ് സ്റ്റോക്ക്, കണ്‍സംപ്ഷന്‍ വിവരങ്ങള്‍, ഡിമാന്റ് ഫോര്‍കാസ്റ്റിംഗ് എന്നിവ നല്‍കാത്ത ഓഫീസുകള്‍ അടിയന്തിരമായി നല്‍കണമെന്നും മാര്‍ച്ച് 30ന് മുമ്പ് സമര്‍പ്പിച്ച വൗച്ചറുകള്‍ പ്രകാരമുള്ള സാധനങ്ങള്‍ കൈപ്പറ്റണമെന്നും ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു. വെബ്സൈറ്റ്- ലാശേെ.സലഹൃേീി.ശി.

 

കടുത്ത വേനല്‍:  തൊഴില്‍ സമയക്രമീകരണം കര്‍ശനമാക്കി

പരിശോധനക്ക് സ്‌ക്വാഡുകള്‍

     ജില്ലയില്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയ ക്രമീകരണം കര്‍ശനമാക്കി. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ തൊഴില്‍ദാതാക്കള്‍ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സമയം നേരിട്ട് വെയിലേല്‍ക്കുന്ന രീതിയില്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്. ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാതലത്തിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.  ഉത്തരവ് പാലിക്കാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രവൃത്തി നിര്‍ത്തിവെപ്പിക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

 

 ബോണസ്  തര്‍ക്കം ഒത്തുതീര്‍ന്നു

ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികളുടെ 2018-19 വര്‍ഷത്തെ ബോണസ്  തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ ടി വി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.  വ്യവസ്ഥയനുസരിച്ച് പെട്രോള്‍ പമ്പ് തൊഴിലാളികള്‍ക്ക് ബോണസ്സ് ആക്ട് പ്രകാരം 7,000 രൂപ പരിധിക്കു വിധേയമായി വേതനത്തിന്റെ 181/2 ശതമാനം ബോണസായി  നല്‍കാമെന്ന് തൊഴിലുടമാ പ്രതിനിധികള്‍ സമ്മതിച്ചു. ബോണസ് തുക മുഴുവന്‍ തൊഴിലാളികള്‍ക്കും ഏപ്രില്‍ അഞ്ചിന് തന്നെ വിതരണം ചെയ്യുന്നതാണെന്നും  ഉടമാപ്രതിനിധികള്‍ അറിയിച്ചു.  ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച്  ജില്ലാ പെട്രോളിയം ഡീലേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ഇ എം ശശീന്ദ്രന്‍, സെക്രട്ടറി കെ വി രാമചന്ദ്രന്‍, കെ ഹരീന്ദ്രന്‍, എം ആര്‍ രാജന്‍ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് സി കെ പി പത്മനാഭന്‍, എ പ്രേമരാജന്‍, പി ചന്ദ്രന്‍, പി രാജന്‍, പി കൃഷ്ണന്‍, പി പി കൃഷ്ണന്‍, എം വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.

 

ഹോംഷോപ്പ് ഓണര്‍ പരിശീലനം

കുടുംബശ്രീ ഹോംഷോപ്പ് ഓണര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 29, 30 തീയതികളിലായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. 29 ന് രാവിലെ 10.00 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

date