Skip to main content

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നു മുതല്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ന്(മാര്‍ച്ച് 28) മുതല്‍ ഏപ്രില്‍ 4 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11  മുതല്‍ ഉച്ചകഴിഞ്ഞ്  മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിക്കോ   അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രത്യേക  ചുമതല നല്‍കിയിട്ടുള്ള അസിസ്റ്റന്റ് റിട്ടേണിംഗ്  ഓഫീസര്‍ക്കോ സമര്‍പ്പിക്കാം. ഒരു സ്ഥാനാര്‍ത്ഥിക്ക് നാലുസെറ്റ് പത്രികകള്‍വരെ നല്‍കാം.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ മൂന്ന് വാഹനങ്ങള്‍ക്ക് മാത്രമാണ് കളക്ടറേറ്റ് കോമ്പൗണ്ടില്‍ പ്രവേശനം അനുവദിക്കൂ. പത്രികാ സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമെ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാവൂ. സ്ഥാനാര്‍ത്ഥികള്‍ പ്രധാന കവാടത്തിലൂടെ വേണം സിവില്‍ സ്റ്റേഷനിലെത്താന്‍. 
സ്ഥാനാര്‍ത്ഥികള്‍ ക്രമിനല്‍  കേസുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവ സംബന്ധിച്ച് സത്യവാങ്മൂലം ഫോം 26ല്‍ രേഖപ്പെടുത്തി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കണം. പത്രികകളുടെ സൂക്ഷ്്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്. എഴുപതു ലക്ഷം രൂപയാണു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാര്‍ത്ഥിക്കും ചെലവഴിക്കാവുന്ന പരമാവധി തുക. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്ക്കേണ്ട തുക.വരണാധികാരിയുടെ ഓഫീസും പരിസരവും ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാകും. ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരേയും സ്ഥലത്ത് വിന്യസിക്കും.

ഡിഡി/ട്രഷറി ഇ പേയ്‌മെന്റ് വഴി അടക്കണം

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെക്കാനുള്ള തുക വരണാധികാരിയുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് / ട്രഷറി ഇ പേയ്‌മെന്റ് മുഖേന അടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും പരമാവധി ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യും

സ്വകാര്യ സ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യും. ഹരിത പെരുമാറ്റചട്ടത്തിന് വിരുദ്ധമായി അനുമതിയോടെ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അടിയന്തരമായി നീക്കം ചെയ്യണം.ഇതു സംബന്ധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണെമന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഒന്നാം ഘട്ട പരിശീലനം നാളെ അവസാനിക്കും

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം നാളെ(29) വസാനിക്കും. ഇതുവരെയുള്ള പരിശീലന പരിപാടികളില്‍ ന്യായമായ കാരണങ്ങള്‍  കൊണ്ട് പങ്കെടുക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ നാളത്തെ അവസാന പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.പരിശീലന മെറ്റീരിയല്‍ കളക്ടറുടെ ഫെയ്‌സ്ബുക്ക്/വെബ്‌സൈറ്റില്‍ ലഭിക്കും. ഉദ്യോഗസ്ഥരുടെ സംശയ നിവാരണത്തിന് 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. 

date